പാസ്റ്റർ കെ.കെ. ചെറിയാൻ നിത്യതയിൽ പ്രവേശിച്ചു.
കുമ്പനാട് : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, വേദ അധ്യാപകനും, ind പെന്തകോസ്ത് ദൈവസഭ റാന്നി വെസ്റ്റ് സെന്റർ മുൻ പ്രസിഡന്റുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ കെ കെ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർദ്ധക്യ സഹജമായ ശാരീരക പ്രയാസത്താൽ ചില നാളുകളായി കുമ്പനാടിന് അടുത്തുള്ള ഭവനത്തിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
പെന്തകോസ്ത് വിശ്വാസികൾ ഏറെ ആദരവോടും ബഹുമാനത്തോടും ശ്രദ്ധിച്ചിരുന്ന ഒരു അനുഗ്രഹീത ദൈവദാസനാണ് കർത്തൃദാസൻ പാസ്റ്റർ കെ കെ ചെറിയാൻ.
അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ സമീപ സ്ഥലങ്ങളിൽ എവിടെയെങ്കിലും നടക്കുന്നു എന്ന് അറിഞ്ഞാൽ ഒട്ടുമിക്ക പെന്തക്കോസ്ത് വിശ്വാസികളും പ്രസംഗം കേൾക്കാൻ പോകുക പതിവായിരുന്നു.
കുമ്പനാട് ഹെബ്രോൺ കൺവെൻഷനിൽ പാസ്റ്റർ കെ കെ ചെറിയാൻ നടത്തിയിട്ടുള്ള പ്രസംഗങ്ങൾ ഇന്നും ഒരു ജ്വാല പോലെ ഹൃദയത്തിൽ കത്തുന്നുണ്ട്.
കുമ്പനാട് ഐ പി സി എലീം ഹാളിൽ അപ്പച്ചൻ നടത്തിയ റോമാ ലേഖന ബൈബിൾ ക്ലാസുകൾ ഇന്നും വിശ്വാസികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
കുമ്പനാട് ഹെബ്രോൺ സഭയുടെ പഴയ ഹോളിൽ ഒരാഴ്ച വിശുദ്ധി എന്ന വിഷയത്തെ ആസ്പദമാക്കി ദൈവദാസൻ നടത്തിയ ക്ലാസുകൾ ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല.
പെന്തക്കോസ്ത് സഭകൾക്ക് ദൈവ വചനത്തിന്റെ കൃത്യമായ ഉപദേശം കറ തീർത്തു അടിവരയിട്ട് പകർന്ന് കൊടുത്ത അനുഗ്രഹീതനായ ദൈവദാസനാണ് കർത്തൃദാസൻ പാസ്റ്റർ കെ കെ ചെറിയാൻ.
ആയിര കണക്കിന് പെന്തക്കോസ്ത് ദൈവ മക്കളെ വചനത്തിന്റെ ഉപദേശത്തിൽ ഉറപ്പിച്ച് നിർത്തുവാൻ അദ്ദേഹം ചെയ്ത സേവനങ്ങൾ സ്മരണീയവും അഭിനന്ദനീയവുമാണ്.
ഇക്കാലത്തെ സുവിശേഷ പ്രസംഗകർ പലപ്പോഴും ഭൗതികത കേന്ദ്രീകരിച്ച് വചനം സംസാരിക്കുന്ന സാഹചര്യത്തിൽ, യേശുക്രിസ്തു ഒരുവനിൽ വെളിപ്പെട്ട് അവനിൽ ഉളവായി വരുന്ന ക്രിസ്തുവിന്റെ ജീവൻ, അഥവാ നിത്യ ജീവൻ കേന്ദ്രീകരിച്ചുകൊണ്ട്, ക്രിസ്തുവിൽ വസിക്കുന്നതും ക്രിസ്തുവിനോട് ചേർന്ന് വാഴുന്നതുമായ നിത്യതയെ മുഖ്യമായി എടുത്ത് കർത്താവിന്റെ വചനം അനേകം ദൈവ മക്കളുടെ ഉള്ളിൽ വിതയ്ക്കുവാൻ കർത്താവ് ഒരുകാലത്ത് ശക്തമായി ഉപയോഗിച്ച ദൈവഭൃത്യനാണ് പാസ്റ്റർ കെ കെ ചെറിയാൻ.
പിതാക്കന്മാരുടെ ജീവിതം സന്ധിയില്ലാതെ വചന വിശുദ്ധിക്കുവേണ്ടിയും വേർപാടിന് വേണ്ടിയും ദൈവികസത്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ച ജീവിതങ്ങളായിരുന്നു.
ഇങ്ങനെയുള്ള ഭക്തന്മാർ ഈ ഭൂമിയുടെ മുഖത്ത് നിന്ന് പതിയെ മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നു. അദ്ദേഹം ക്രിസ്തുവിനോട് കൂടെ നിത്യമായ വാസത്തിന് പോയിരിക്കുന്നു.
അനുഗ്രഹീതരായ ഇത് പോലെയുള്ള ഭക്തന്മാരുടെ കാലത്ത് ജനിക്കാനും ജീവിക്കാനും അവരിൽനിന്ന് കേൾക്കുവാനും കഴിഞ്ഞത് ദൈവം കാണിച്ച് ഒരു കൃപയായി ഇന്ന് മനസ്സിലാക്കുന്നു.
ദൈവദാസനെ വീണ്ടും കാണാം എന്ന വലിയ പ്രത്യാശ നമുക്കെല്ലാവർക്കും ഉണ്ട്.
എന്നാൽ, ഈ ദൈവ ദാസന്മാർ ഉയർത്തിയ വേർപാടും വിശുദ്ധിയും വചന ഉപദേശ നിർമലതയും ഉയർത്തുവാൻ അടുത്ത തലമുറയിൽ ആരുണ്ട് എന്നുള്ള ഒരു ചോദ്യം നമ്മുടെ എല്ലാവരെയും നിസ്സംശയം ഉണർത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.
സംസ്കാരം പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

