സര്‍ക്കാര്‍ ജീവനക്കാരെ പ്രിയദര്‍ശിനി സൌജന്യ യാത്രയില്‍നിന്ന് ഒഴിവാക്കണമെന്ന് മുസ്ളീം ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രമേയം
മലപ്പുറം: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിക്കെതിരെ യു.ഡിഎഫിന്റെ ഘടക കക്ഷിയായ മുസ്ളീം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രമേയം.
സ്ഥിര വരുമാനവും ആനുകൂല്യങ്ങളും ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ സൌജന്യ യാത്രാ പദ്ധതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് മലപ്പുറം ഒതുകുങ്ങള്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഖമൂദിന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
ഇതാദ്യമായാണ് പദ്ധതി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിനുള്ളില്‍നിന്ന് തന്നെ ഇത്തരത്തിലുള്ള ആവശ്യം പരസ്യമായി ഉയരുന്നത്.
സ്ത്രീകള്‍ക്കായുള്ള സൌജന്യ യാത്രാ പദ്ധതിയുടെ സാമൂഹിക ലക്ഷ്യത്തെ ഭരണ സമിതി അംഗീകരിക്കുന്നു.
എന്നാല്‍ യാത്രക്കാരുടെ കുറവുമൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ഉപജീവനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

