പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചു

പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചു

Asia Breaking News Top News

പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചു

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മറിയം നവാസ് ഷെരിഫ് സ്നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമയുടെയും ഹൃദയസ്പര്‍ശിയായ സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷിച്ചു.

ഞായറാഴ്ച ഷെയ്ഖുപുരയ്ക്കു സമീപമുള്ള മറിയമബാദ് സന്ദര്‍ശന വേളയില്‍ മറിയം ഈസ്റ്റര്‍ അനുഭവത്തിന്റെ സന്തേഷം പൂര്‍ണ്ണമായി സ്വീകരിച്ചു.

പ്രാദേശിക ക്രിസ്ത്യന്‍ നേതാക്കള്‍ക്കൊപ്പം മറിയാമബാദിലെ മറിയം പള്ളിയില്‍ മറിയം നവാസ് ചരിത്രപരമായ സന്ദര്‍ശനം നടത്തി. 131 വര്‍ഷത്തിനുശേഷമാണ് പഞ്ചാബിലെ ഒരു മുഖ്യമന്ത്രി പള്ളി സന്ദര്‍ശിക്കുന്നത്. പഞ്ചാബിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഈസ്റ്റര്‍ സഹായ വിതരണത്തിലും ആള്‍ പങ്കെടുത്തു.

സമൂഹത്തില്‍ സന്തോഷവും പിന്തുണയും പ്രചരിപ്പിക്കാന്‍ സഹായിക്കുന്നതിനായി പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് 5000 പാക്കിസ്ഥാന്‍ രൂപ വീതം നല്‍കുകയുണ്ടായി. മറിയം നവാസിന്റെ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമൂഹത്തിന് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ശക്തമായ സന്ദേശമാണ് നല്‍കിയത്.

മുസ്ളീം വിശ്വാസിയായ മറിയം ഐക്യത്തിലും പരസ്പര ബഹുമാനത്തിലും ഒത്തുചേരേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിക്കൊണ്ട് സംസാരിച്ചു. പ്രത്യേകിച്ച് പാക്കിസ്ഥാനില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ കടുത്ത ആക്രമണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ക്രൈസ്തവരോടുള്ള സമീപനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ മകളായ മറിയം കഴിഞ്ഞ ഫെബ്രുവരി 8-നാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രികൂടിയാണ് മറിയം.

താന്‍ 11 വര്‍ഷം ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റില്‍ പഠിച്ചിട്ടുണ്ടെന്ന് മറിയം പറഞ്ഞപ്പോള്‍ തന്റെ വിദ്യാര്‍ത്ഥിനി മുഖ്യമന്ത്രിയായതില്‍ സന്തോഷമുണ്ടെന്ന് ഹെഡ്മിസ്ട്രസും പറഞ്ഞു.

ന്യൂനപക്ഷവും ഭൂരിപക്ഷവും സമാധാനപരമായും സംയുക്തമായും ജീവിക്കുന്ന ഒരു പാക്കിസ്ഥാനെയാണ് ഞാന്‍ സ്വപ്നം കാണുന്നതെന്ന് മറിയം നവാസ് ഈസ്റ്റര്‍ ആശംസയായി പറഞ്ഞു.