അമിത മദ്യപാനം; മനുഷ്യന്റെ ജനിതക ഘടന മാറാന്‍ സാദ്ധ്യതയെന്നു ഗവേഷകര്‍

Health

അമിത മദ്യപാനം; മനുഷ്യന്റെ ജനിതക ഘടന മാറാന്‍ സാദ്ധ്യതയെന്നു ഗവേഷകര്‍
ന്യുയോര്‍ക്ക്: അമിതമായ മദ്യപാനം മൂലം മനുഷ്യന്റെ ജനിത ഘടനയില്‍ മാറ്റം വരുത്തിയേക്കാമെന്ന് പുതിയ പഠനം.

യു.എസിലെ റുട്ഗേഴ്സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ ഡിഎന്‍എയില്‍ വ്യതിയാനം സംഭവിക്കുന്നുണ്ടെന്നും കൂടുതല്‍ മദ്യം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ മാറ്റമെന്നും ഗവേഷകനും ഇന്ത്യന്‍ വംശജനുമായ പ്രൊഫസര്‍ ദീപക് കെ. സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു.

മദ്യാപാനം ആസക്തിയിലേക്കു നീങ്ങുന്നതെങ്ങനെ, മദ്യപാനം തടയുന്നതിനുള്ള ചികിത്സാ രീതികള്‍ എന്നീ വിഷയങ്ങളില്‍ കൂടുതല്‍ ഉത്തരങ്ങള്‍ നല്‍കാന്‍ പുതിയ ഗവേഷണ ഫലത്തിനു കഴിയുമെന്ന് സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇതുകൂടാതെ അമിതമായി മദ്യപിക്കുന്നവരുടെ ജീനുകളില്‍ പ്രോട്ടീന്‍ രൂപപ്പെടുന്നതിന്റെ അളവു കുറയുന്നതായും ഇത്തരക്കാര്‍ക്ക് വീണ്ടും മദ്യപിക്കുന്നതിനുള്ള ആസക്തി വര്‍ദ്ധിക്കുന്നതായും ഗവേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.