രക്തത്തില്‍ യൂറിക് ആസിഡ് കൂടുവാന്‍ അനുവദിക്കരുത്

രക്തത്തില്‍ യൂറിക് ആസിഡ് കൂടുവാന്‍ അനുവദിക്കരുത്

Health

രക്തത്തില്‍ യൂറിക് ആസിഡ് കൂടുവാന്‍ അനുവദിക്കരുത്
രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതുമൂലമുള്ള രോഗങ്ങള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഈ രോഗാവസ്ഥയെക്കുറിച്ച് പലരും ബോധവാന്മാരല്ല എന്നുള്ളത് ഒരു വസ്തുതയാണ്. ലബോറട്ടറിയില്‍ പോയി കൊളസ്ട്രോളും, പ്രമേഹവുമൊക്കെ പരിശോധിക്കുന്ന സമയത്ത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടി പരിശോധിക്കുന്നത് നല്ലതാണ്.

യൂറിക് ആസിഡ് അടിഞ്ഞു കൂടിയാല്‍ പിടിപെടാവുന്ന പ്രധാന രോഗമാണ് ഗൌട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. ശരീരത്തിലെ നോര്‍മല്‍ യൂറിക് ആസിഡ് ലെവല്‍ 7 എംഎല്‍ ‍/ഡിഎല്‍ ആണ്.

എങ്ങനെ തിരിച്ചറിയാം: കാലിലെ തള്ളവിരലിന്റെ സന്ധിയിലാണ് ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീര്‍ത്തിരിക്കും. പെട്ടന്നു തുടങ്ങുന്ന വേദന ദിവസങ്ങള്‍ നീണ്ടുനിന്നു മറ്റു സന്ധികളിലേക്കും വ്യാപിക്കാം.

എങ്ങനെ രോഗം ഉണ്ടാകുന്നു: ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ, വൃക്കവഴിയുള്ള മാലിന്യ വിസര്‍ജ്യ വ്യത്യാസങ്ങള്‍കൊണ്ടോ ഈ രോഗം ഉണ്ടാകാം. പ്രമേഹവും അമിതവണ്ണവും രോഗസാദ്ധ്യത കൂട്ടുന്നു. 90 ശതമാനം രോഗികളിലും യുറേറ്റ് എന്ന യൂറിക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തുപോകാത്തതാണ് കാരണം.

യൂറിക് ആസിഡ് 100 എംഎല്‍ വെള്ളത്തില്‍ 6 മില്ലിഗ്രാം എന്ന കണക്കിന് അലിയുന്നതാകയാല്‍ ധാരാളം വെള്ളം കുടിക്കുക എന്നതാണ് രോഗം കുറയാനും രോഗം വരാതിരിക്കാനുമുള്ള പ്രധാന പോംവഴി. ധാരാളം വെള്ളം കുടിക്കുന്നതുപോലെ ധാരാളം മൂത്രം ഒഴിക്കുകയും വേണം. നാം കഴിക്കുന്ന വെള്ളത്തിന്റെ 60 ശഥമാനം മൂത്രത്തിലൂടെ തന്നെ പുറത്തു കളയണം.

ഒഴിവാക്കേണ്ട ഭക്ഷണം: ഒന്നാമതായി മദ്യം പൂര്‍ണ്ണമായി ഒഴിവാക്കുക. കോള പാനീയങ്ങള്‍ ഒഴിവാക്കുക. മാംസ ഭക്ഷണം അതില്‍തന്നെ കരള്‍ ‍, ഹൃദയം, വൃക്ക എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക. കടല്‍ മത്സ്യങ്ങളില്‍ ഞണ്ട്, കൊഞ്ച്, ചെമ്മീന്‍ എന്നിവ ഒഴിവാക്കുക.

ഇവയില്‍ യൂറിക്കാസിഡുണ്ടാക്കുന്ന പ്യൂറിന്‍ എന്ന ഘടകം ധാരാളമുണ്ട്. ഉണക്കിയ കൂണുകള്‍ ‍, നെത്തോലി മത്സ്യം, ഉണക്കമത്തി, തിരണ്ടി എന്നീ മത്സ്യങ്ങളും ഒഴിവാക്കുക. അതുപോലെ പയര്‍ ‍, ചീര, ബീന്‍സ്, പരിപ്പ് എന്നിവയിലും പ്യൂറിന്‍ ഉണ്ട്.

കഴിക്കാവുന്ന ഭക്ഷണ പാനീയങ്ങള്‍: ഗ്രീന്‍ ടീയും, കാപ്പിയും, പാലും പാലുല്‍പ്പന്നങ്ങളും കഴിക്കാം. ഏത്തപ്പഴം, വെള്ളരിക്ക, റാഡിഷ്, ഉള്ളി, ആപ്പിള്‍ എന്നിവ കഴിക്കാം.

ആപ്പിളില്‍ നിന്നുണ്ടാക്കുന്ന ആപ്പിള്‍ സിഡാര്‍ വിന്നിഗറിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ് രക്തത്തിലെ യൂറിക് ആസിഡിനെ അലിയിച്ചു കളയുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

ക്യാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക ഇവയൊക്കെ ജ്യൂസായി കഴിക്കുക. നെല്ലിക്ക, നാരങ്ങ എന്നിവ വിറ്റാമിന്‍ സി അടങ്ങിയ പീനീയമായതിനാല്‍ ഇവയും ഉപയോഗിക്കാം. ഇടയ്ക്ക് ലാബില്‍ പോയി യൂറിക് ആസിഡിന്റെ തോത് പരിശോധിക്കന്നതും നല്ലതാണ്.