കോവിഡ് ഉത്ഭവം; എല്ലാ സിദ്ധാന്തങ്ങളും പരിശോധിക്കുമെന്ന് ഡബ്ളിയുഎച്ച്ഒ
ജനീവ: കോവിഡ് 19-ന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ഒരു ധാര്‍മ്മികമായ അനിവാര്യതയാണെന്നും ഭാവിയില്‍ ഇത്തരം രോഗവ്യാപനങ്ങള്‍ തടയാന്‍ കോവിഡിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ സിദ്ധാന്തങ്ങളും പര്യവേഷണം ചെയ്യണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു.
കോവിഡിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ട് കഴിഞ്ഞ ശനിയാഴ്ച മൂന്നു വര്‍ഷം തികഞ്ഞ പശ്ചാത്തലത്തില്‍ ട്വിറ്ററിലൂടെയായിരുന്നു ഗബ്രിയേസിസിന്റെ പ്രതികരണം.
2021-ല്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ മഹാമാരിക്കിടയാക്കിയ കൊറോണ വൈറസ് അഥവാ സാര്‍സ് കോവ്-2 വവ്വാലുകളില്‍നിന്ന് ഒരു മൃഗത്തിലേക്കും അവിടെനിന്ന് മനുഷ്യരിലേക്കും പടര്‍ന്നെന്ന നിഗമനത്തിലെത്തിയെങ്കിലും സാധ്യമായ തെളിവുകള്‍ നിരത്താനായില്ല. ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായിരിക്കുന്നു.
2019-ല്‍ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് കോവിഡ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും ഇവിടുത്തെ സീഫുഡ് മാര്‍ക്കറ്റില്‍നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായില്ല.
എന്നാല്‍ വൈറസ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്ന് അബദ്ധത്തില്‍ ചോര്‍ന്നതാകാമെന്ന പ്രചരണവും ഉണ്ടായി.
ഈ സിദ്ധാന്തങ്ങള്‍ ഒന്നും തള്ളനാവില്ല എന്നും കൂടുതല്‍ പര്യവേഷണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

