കത്തിയാക്രമണത്തിന് ഇരയായ ബിഷപ് പ്രതിയോട് നീ എന്റെ മകനാണ് ക്ഷമിക്കുന്നു

കത്തിയാക്രമണത്തിന് ഇരയായ ബിഷപ് പ്രതിയോട് നീ എന്റെ മകനാണ് ക്ഷമിക്കുന്നു

Asia Breaking News Europe

കത്തിയാക്രമണത്തിന് ഇരയായ ബിഷപ് പ്രതിയോട് നീ എന്റെ മകനാണ് ക്ഷമിക്കുന്നു

സിഡ്നി: ഓസ്ട്രേലിയന്‍ പള്ളിയില്‍ കത്തിയാക്രമണത്തിന് ഇരയായ ബിഷപ് അക്രമിയോട് ക്ഷമിച്ചു. അക്രമി തന്റെ മകനാണെന്നും ബിഷപ് പ്രതികരിച്ചു.

താന്‍ വളരെ വേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും ബിഷപ് അറിയിച്ചു. ഈ പ്രവര്‍ത്തി ചെയ്തവരോട് ഞാന്‍ ക്ഷമിക്കുന്നു. അവനോട് ഞാന്‍ പറയുന്നു, നീ എന്റെ മകനാണ്.

ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഞാന്‍ നിനക്കായി എപ്പോഴും പ്രാര്‍ത്ഥിക്കും. ഇത് ചെയ്യാന്‍ നിന്നെ അയച്ചവരോടും ഞാന്‍ ക്ഷമിക്കുന്നു. ബിഷപ് യൂട്യൂബില്‍ റിലീസ് ചെയ്ത സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു.

ഏപ്രില്‍ 15-ന് ഓസ്ട്രേലിയായില്‍ പടിഞ്ഞാറന്‍ സിഡ്നിയിലെ അസീറിയന്‍ ക്രിസ്ത്യന്‍ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തഡോക്സ് സഭാ മെത്രാന്‍ മാരി ഇമ്മാനുവേലിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.

16 കാരനായ അക്രമി ബിഷപ് മാര്‍ മാരി ഇമ്മാനുവേലിനെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നാലെ പള്ളിയുടെ പുറത്ത് അക്രമങ്ങള്‍ അരങ്ങേറിയതോടെ ശാന്തത പാലിക്കണമെന്ന് ബിഷപ് ആവശ്യപ്പെടുകയായിരുന്നു.

നൂറുകണക്കിനാളുകളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.

പടിഞ്ഞാറന്‍ സിഡ്നിയിലെ വൈക്ളി പ്രദേശത്തുള്ള ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ തിങ്കളാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവം.

ബിഷപ് ബൈബിള്‍ ക്ളാസ് നടത്തിക്കൊണ്ടിരിക്കെ അക്രമി അള്‍ത്താരയില്‍ കയറി ശിരസിനു നേരെ പലവട്ടം വെട്ടുകയായിരുന്നു. സംഭവം ഭീകരാക്രമണമെന്ന് സിഡ്നി പോലീസ് അറിയിച്ചു.

ആക്രമണത്തിനു പിന്നാല്‍ മത തീവ്രവാദമെന്നാണ് ന്യൂ സൌത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ കാരെന്‍ വെബ് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതിയുടെ പേരോ വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഇസ്ളാമിക മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കൌമാരക്കാന്‍ ആക്രമണം നടത്തിയതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.