ആത്മീക കൂട്ടായ്മകളുടെ കുറവ്

ആത്മീക കൂട്ടായ്മകളുടെ കുറവ്

Articles Breaking News Editorials

ആത്മീക കൂട്ടായ്മകളുടെ കുറവ്

ഇന്ന് പെന്തെക്കോസ്തു സഭകളില്‍ വിവിധ തരത്തിലുള്ള കൂട്ടായ്മകളുണ്ട്. ഞായറാഴ്ചകളിലെ കൂടിവരവുകള്‍, ഭവനപ്രാര്‍ത്ഥനകള്‍, പോഷകസംഘടനായോഗങ്ങള്‍, സ്തോത്രപ്രാര്‍ത്ഥനകള്‍ എന്നിങ്ങനെയാണ് പ്രധാന കൂട്ടായ്മകള്‍.

ഇവയിലെല്ലാം കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുക്കാറുണ്ട്. പക്ഷേ പഴയതുപോലുള്ള ആത്മീക കൂട്ടായ്മകള്‍ ഇന്ന് പലസഭകളിലും ഇല്ലാ എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതായ കാര്യമാണ്.

അതിനുപിന്നിലെ രഹസ്യം കൂട്ടായ്മകളില്‍ പങ്കെടുക്കാനുള്ള താല്പര്യക്കുറവ് അഥവാ അലസത, സമയക്കുറവ് എന്നിവയാണ്. പകല്‍ സമയങ്ങളില്‍ ഒട്ടുമിക്ക ഭവനങ്ങളും ശൂന്യമാണ്. കുട്ടികള്‍ പഠന ആവശ്യങ്ങള്‍ക്കായി പോകുന്നു.

യുവാക്കളും മുതിര്‍ന്നവരും ജോലികള്‍ക്കായി വീടു വിടുന്നു. പണ്ടും ഈ അവസ്ഥ ആയിരുന്നു. എന്നാല്‍ അന്ന് എല്ലാവരും രാത്രികാല യോഗങ്ങളില്‍ സജീവമായി പങ്കെടുക്കുമായിരുന്നു.

ഇന്ന് സ്ഥിതിമാറി. പണവും പ്രശസ്തിയും ജീവിതസാഹചര്യങ്ങളും മാറിയസ്ഥിതിക്ക് ദൈവത്തോടും അകല്‍ച്ച കാട്ടുന്നു. സന്ധ്യ കഴിഞ്ഞാല്‍ പകല്‍നേരത്തെ കഷ്ടപ്പാടിന്റെ ക്ഷീണം പറഞ്ഞും രാത്രിയിലെ ബുദ്ധിമുട്ടുകളും പറഞ്ഞ് പലരും തടിതപ്പുന്നു.

എന്നാല്‍ വസ്തുത തുറന്നു പറഞ്ഞാല്‍ ഭൂരിപക്ഷം ഭവനങ്ങളിലെയും വിശ്വാസികള്‍ സന്ധ്യയിലെ ടി.വി പ്രോഗ്രാമുകളിലെ സ്ഥിരം പ്രേക്ഷകരാണെന്ന കാര്യം ഇവരുടെ വീടുകള്‍ സന്ദര്‍ശിച്ചാല്‍ കാണുവാന്‍ കഴിയും. തുടര്‍ച്ചയായി കണ്ടുവരുന്ന സീരിയലുകള്‍, റിയാലിറ്റിഷോകള്‍ എങ്ങനെ കാണാതിരിക്കും.

‘ദൈവത്തെ മറ്റു സമയങ്ങളില്‍ ആരാധിക്കാറുണ്ടല്ലോ, ദൈവവചനം നല്ലവിധത്തില്‍ അറിയുകയും ചെയ്യാം. അങ്ങനെയങ്ങ് ആത്മീകം കുറയില്ല’ എന്നിങ്ങനെ മനസ്സ് പറയുന്നവരാണ് ഏറെ വിശ്വാസികളും.

പാസ്റ്റര്‍മാരും പല വിശ്വാസികളുടെയും മനോസ്ഥിതിയില്‍ ജീവിക്കുന്നവരാണ്. അവരും വീടുകളില്‍ ടിവിയ്ക്കു മുന്നില്‍ വിശ്രമിക്കുന്നു.

പണ്ട് ഒറീസ്സയിലും വടക്കേഇന്ത്യയിലും കേരളത്തിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലും ക്രൈസ്തവര്‍ക്കെതിരായി അതിക്രമങ്ങള്‍ നടന്നപ്പോള്‍ കേരളത്തില്‍ രാത്രികാല യോഗങ്ങള്‍ നല്ലൊരുശതമാനം സഭകളിലും നിര്‍ത്തിവെയ്ക്കുകയുണ്ടായി.

പാസ്റ്റര്‍മാരുടെയും വിശ്വാസികളുടെയും ജീവനും സ്വത്തിനും സുരക്ഷിതത്വം വേണമല്ലോ? അന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച യോഗങ്ങള്‍ പലതും ഇന്നും അതേപടി നടത്താതിരിക്കുകയാണ്. “സുവിശേഷ വിരോധികളുടെ ആക്രമണങ്ങള്‍ക്കു ദൈവമക്കള്‍ ഇടം കൊടുക്കാതെ കൂടുതല്‍ പരിജ്ഞാനത്തോടെ കഴിയണം”.

എന്നാണ് പല പാസ്റ്റര്‍മാരും അന്ന് ഉപദേശം നല്‍കിയത്. ആ ഉപദേശം ഇന്നും ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നത് അത്ഭുതം തന്നെ.

ആരാധനയും പ്രാര്‍ത്ഥനകളും മുടക്കി വീട്ടിലിരുന്നാലും പല തലമുറകളും മറ്റൊരു വഴിയിലാണ് ജീവിക്കുന്നതെന്നുള്ള കാര്യവും രസകരമാണ്.

വീടുകളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് ഹൈക്കോടതി നിരോധിച്ചു എന്ന പേരില്‍ ഏതാനും ആഴ്ചകള്‍ക്കു മുന്‍പുവന്ന വാര്‍ത്ത യഥാര്‍ത്ഥ ദൈവദാസന്മാരെയും ദൈവമക്കളെയും വേദനിപ്പിച്ചു.

ഈ വാര്‍ത്ത കപട വിശ്വാസികളും കള്ള ഇടയന്മാരുമായവരെ വളരെയധികം സന്തോഷിപ്പിച്ചുകാണും എന്നു കരുതുന്നതില്‍ തെറ്റില്ല. എന്തായാലും ദൈവമക്കള്‍ ഒരു കാര്യം ഓര്‍ക്കണം നമ്മുടെ കര്‍ത്താവായ യേശുവിന്റെ രണ്ടാം വരവ് ഏറ്റവും അടുത്തിരിക്കുന്നു.

അതിനുവേണ്ടി വിശുദ്ധന്മാര്‍ ഉണര്‍ന്നിരിക്കണം. അതിനായി ഒരുങ്ങുക എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.