ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതിന് ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇറാന്‍കാരിക്ക് വൈദ്യ സഹായം നിഷേധിക്കുന്നു
ടെഹ്റാന്‍: ഇസ്ളാം മതം വിട്ട് ക്രിസ്തുമതത്തിലേക്ക് കടന്നുവന്ന ഇറാന്‍കാരിക്ക് ജയിലില്‍ വൈദ്യ സഹായം നിഷേധിക്കപ്പെടുന്നു. ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ 6 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന മിന ഖാജാവിക്കാണ് (60) സാമൂഹിക നീതി നിഷേധിക്കപ്പെടുന്നത്.
സന്ധിവാതം ബാധിച്ച്, തടവിലാക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ഒരുവാഹനാപകടത്തില്‍ പരിക്കേറ്റ് കണങ്കാല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് തളര്‍ച്ചയോടെ നടക്കുമ്പോഴും ഖജാവിക്ക് ഇറാനിയന്‍ ഗാര്‍ഡുകള്‍ വൈദ്യ സഹായം നിരസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖജാവി കിടക്കുന്ന സെല്ലിലെ ബങ്ക് ബെഡ്ഡിന്റെ രണ്ടാം നിലയിലേക്ക് കയറുമ്പോള്‍ പരിക്കേറ്റ കണങ്കാലിന്മേല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു.
2020 ജൂണില്‍ ഹൌസ് ചര്‍ച്ചുകള്‍ക്കെതിരായി നടത്തിയ റെയ്ഡിന്റെ ഭാഗമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ ഏജന്റുമാര്‍ ഖജാവിയെ അറസ്റ്റു ചെയ്തു.
സയണിസ്റ്റ് ക്രിസ്ത്യാനിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷയ്ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന് അധികാരികള്‍ ഖജാവിയെ കുറ്റപ്പെടുത്തി കേസ്സെടുത്തു.
തുടക്കത്തില്‍ത്തന്നെ അവര്‍ ശിക്ഷ അനുഭവിച്ചു തുടങ്ങി. 2020-ല്‍ മാലിഹെ നലാരി, ജോസഫ് ഷഹബാസിയന്‍ എന്നിവരുള്‍പ്പെടെ നിരവധി ക്രിസ്ത്യന്‍ മതപരിവര്‍ത്തകര്‍ക്കൊപ്പം ഖജാവിയും അറസ്റ്റിലാകുകയായിരുന്നു.
എവിന്‍ ജയിലില്‍ ഖജാവിയുടെ അവസ്ഥ കഠിനമാണ്. പീഢന ഫാക്ടറി എന്നും ഭൂമിയിലെ നരകം എന്നുമൊക്കെ പരക്കെ വിളിക്കപ്പെടുന്ന എവിന്‍ ജയിലില്‍ നൂറുകണക്കിനു ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ നരകയാതന അനുഭവിക്കുന്നു.
വാര്‍ഡുകളില്‍ അന്തേവാസികളുടെ എണ്ണം കൂടുതലായതിനാല്‍ ആവശ്യ സാധനങ്ങള്‍ കിട്ടാക്കനിയാണ്. ക്രൈസ്തവരെയും ഭരണകൂടത്തിനെതിരായി ശബ്ദിക്കുന്നവരെയും പുരോഗമന ചിന്താഗതിക്കാരെയും ഒക്കെ ദേശവിരുദ്ധരായി മുദ്രകുത്തി ജയിലുകളില്‍ അടയ്ക്കുന്ന രീതിയാണ് ഇറാനില്‍ നടന്നു വരുന്നത്.
ഖജാവിയെപ്പോലെ ആരോഗ്യപ്രശ്നങ്ങളുള്ള ഒട്ടനവധി തടവുകാര്‍ ഇവിടെ ദുരിതം അനുഭവിക്കുന്നു. ഖജാവിയയും മറ്റു വിശ്വാസികളെയും ഓര്‍ത്ത് ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.