തലവെട്ടി ഉടൽ ഭിത്തിയിൽ തൂക്കി....!(ഷൈജു ഡാനിയേൽ അടൂർ)

തലവെട്ടി ഉടൽ ഭിത്തിയിൽ തൂക്കി….!(ഷൈജു ഡാനിയേൽ അടൂർ)

Articles Others

തലവെട്ടി ഉടൽ ഭിത്തിയിൽ തൂക്കി….!
ഷൈജു ഡാനിയേൽ അടൂർ

നിന്നിൽ വസിച്ച ദൈവാത്മാവ് നിന്നിൽ നിന്നും ഇറങ്ങിയാൽ നീ പിന്നെ ദൈവത്തിനാരുമല്ല…..!

ഗെന്നസരേത്തു തടാകത്തിന്റെ തെക്കേ മുനമ്പിൽ നിന്നു പതിനാല് മൈൽ മാറി യെരുശലേമിൽ നിന്നു ഡമാസ്ക്കസിലേക്കുള്ള നഗരവീഥിയിൽ സ്ഥിതിചെയുന്ന, മനശ്ശെ ഗോത്രത്തിന് പതിച്ചുകിട്ടിയ ഭൂമിയിൽ പെട്ട ഇടം…..സ്വസ്ഥതയുടെ ഭവനം എന്നർത്ഥം വരുന്ന ബേത്ത്-ശാൻ പട്ടണം…ആ പട്ടണ മതിലിൽ അഥവാ ബേത്ത് – ശാന്റെ ചുവരിൽ തോൾ മുതൽ പൊക്കമുള്ള ഒരുവന്റെ തലയില്ലാത്ത ഉടൽ തൂങ്ങി നിൽക്കുന്നു…!!(1 ശമുവേൽ 31:10).

യഥാവിധി തയ്യാറാക്കിയ അഭിഷേകതൈലം സ്വീകരിച്ച ശിരസ്സിൽ കുടിയിരുന്ന ദൈവാത്മാവ് കീശിന്റെ പുത്രന്റെ കുടിലതകൾക്ക് കൂട്ടുനിൽക്കാതെ ഇറങ്ങിയപ്പോൾ ആ തൈലം വീണ തലയിൽ ഫെലിസ്ത്യന്റെ വാൾ കയറിയിറങ്ങി!!

അപ്പന്റെ നഷ്ടമായ കഴുതയെ തേടിയിറങ്ങിയവൻ ഒടുവിൽ എത്തിയത് രാജസിംഹാസനത്തിൽ… യിസ്രായേല്യ ചരിത്രത്തിൽ രാജവാഴ്ച്ചക്ക് തുടക്കം കുറിച്ചവൻ….ശമുവേലിന്റെ തൈലകൊമ്പിൽ നിന്നും അഭിഷേക തൈലം ശിരസ്സിൽ സ്വീകരിച്ചു രാജസ്ഥാനത്തേക്ക് നടന്നുകയറിയവൻ….പ്രവാചക ഗണത്തിൽ ചേർന്നു പ്രവചിച്ചു നടന്നവൻ….ഫെലിസ്ത്യ പടയുടെ പേടിസ്വപ്നമായിരുന്നവൻ…. ഇപ്പോൾ തലയില്ലാതെ ബെത്ത് -ശാന്റെ ഭിത്തിയിൽ തൂങ്ങി നിൽക്കുന്നു!!

ഏതു തലയിൽ രാജകീയ അഭിഷേകം സ്വീകരിച്ചുവോ, അതേ തല ഫെലിസ്ത്യർ വെട്ടിമാറ്റി… അഭിഷേക തൈലം ശിരസ്സിൽ സ്വീകരിച്ചവന്റെ പിന്മാറ്റം വിശദീകരണത്തിനപ്പുറം ദുരന്തങ്ങൾ വിതയ്ക്കും!!

ദൈവാത്മാവ് ഒരുവനിൽ നിന്നും അനുമതി ചോദിക്കാതെ ഇറങ്ങിയാൽ പിന്നെ ബെത്ത് – ശാന്റെ ചുവരിൽ തൂങ്ങി നിൽക്കും…”വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും” എന്ന പുതുപ്രയോഗത്തിന്റെ ഒരു പഴക്കമുള്ള ശൈലി…
ബേത്ത് – ശാന്റെ ഭിത്തിയിൽ കീശിന്റെ മകനെ ഫെലിസ്ത്യർ ഒട്ടിച്ചുവച്ചു!!

ഏതറ്റം വരെയും ഉയർത്താൻ ദൈവത്തിനാകും….ഇതിനെന്തു യോഗ്യത എന്ന് ചോദിച്ചവനെ സിംഹാസനത്തിലും ഇരുത്തും….പ്രവാചകകൂട്ടത്തിൽ പ്രവചിക്കുവാൻ വരവും തരും…. എന്നാൽ നിന്നിൽ വസിച്ച ദൈവാത്മാവ് നിന്നിൽ നിന്നും ഇറങ്ങിയാൽ നീ പിന്നെ ദൈവത്തിനാരുമല്ല…..!

നിന്റെ അധഃപതനത്തിനു ആനുപാതികമായി അപരനെ ദൈവം കാട്ടിൽ സജ്ജമാക്കുന്നുണ്ട്… കിന്നര കമ്പികളിലൂടെയുള്ള യിശ്ശായീപുത്രന്റെ കര ചലനങ്ങളുടെ വേഗത വർദ്ധിച്ചു വർദ്ധിച്ചു ഒടുവിൽ കിന്നര വായനയിൽ ദുരാത്മാവിനെ പിടിച്ചുകെട്ടുവാൻ കഴിയുന്ന ഘട്ടം എത്തുമ്പോൾ വനവാസി കൊട്ടാരത്തിലും കൊട്ടാരവാസി ബെത്ത് -ശാന്റെ ചുവരിലേക്കും മാറ്റപ്പെടും!!

ബെത്ത് -ശാന്റെ ചുവർ,…. അഹങ്കാര തിമിർപ്പിൽ അധികാരത്തിന്റെ ചെങ്കോൽ ചുഴറ്റി അനുവദനീയമല്ലാത്ത ശുശ്രൂഷകൾ ചെയ്തു കൂട്ടി സിംഹാസനഹുങ്കിൽ വിഹരിക്കുന്നവർക്കുള്ള മുന്നറിയിപ്പ്!!

ബെത്ത് -ശാന്റെ ചുവർ, ….. കയറ്റിയിരുത്തിയ ദൈവത്തിനു പിടിച്ചിറക്കി വിടുവാനും മടിയില്ലെന്നുള്ള മുന്നറിയിപ്പ്!!

ബെത്ത് -ശാന്റെ ചുവർ,…. അഭിഷേക തൈലം വീണവന്റെ ശിരസ്സ് ഫെലിസ്ത്യ പക്ഷത്തിന്റെ നിരന്തര ലക്ഷ്യമായിരിക്കും എന്ന മുന്നറിയിപ്പ്!!

ബെത്ത് -ശാന്റെ ചുവരിലെ തലയില്ലാത്ത ഉടൽ ; കാലത്തിന്റെ ഘടികാരം….കാലിടറുന്നവർക്ക് കനത്ത താക്കീത്…. കല്പനാലംഘികൾക്ക് കഠിനശാസന…. കുന്തമുനയിൽ കലിപ്പു തീർക്കുന്നവർക്കുള്ള കടുത്ത ശിക്ഷ….!!

✍️ Shyju Daniel Adoor

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.