യെരുശലേം ദൈവാലയത്തിലെ ദ്രവ്യത്തിനായി യിസ്രായേല്‍ അര ശേക്കെല്‍ വാണയം ഇറക്കുന്നു

Breaking News Global Middle East

യെരുശലേം ദൈവാലയത്തിലെ ദ്രവ്യത്തിനായി യിസ്രായേല്‍ അര ശേക്കെല്‍ വാണയം ഇറക്കുന്നു
യെരുശലേം: യിസ്രായേല്‍ ഭാവിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന മൂന്നാം യെരുശലേം ദൈവാലയത്തില്‍ യെഹുദന്മാര്‍ ദ്രവ്യം നല്‍കാനായി പഴയ അര ശേക്കെല്‍ നാണയം പുനര്‍ നിര്‍മ്മിക്കുന്നു.

 

പഴയ നിയമ കാലത്ത് യഹോവയായ ദൈവം മോശം മുഖാന്തിരം യിസ്രായേല്‍ ജനത്തിനു കല്‍പ്പനകളും ഉപദേശങ്ങളും നല്‍കിയപ്പോള്‍ ദൈവാലയത്തില്‍ വഴിപാടായി സമര്‍പ്പിപ്പാന്‍ അര ശേക്കെല്‍ തൂക്കമുള്ള വെള്ളി നാണയം നല്‍കണമെന്ന് കല്‍പ്പനയുണ്ടായിരുന്നു.

 

ഒന്നും രണ്ടും യെരുശലേം ദൈവാലയം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഈ അനുഷ്ഠാനം നിലനിന്നിരുന്നു. എന്നാല്‍ ഭാവി യെരുശലേം ദൈവാലയം നിര്‍മ്മിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിവെച്ച യെഹൂദന്മാര്‍ ആസന്ന ഭാവിയില്‍ തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായ ദൈവാലയ പുനര്‍ നിര്‍മ്മിതിക്കുള്ള അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നതിനിടയിലാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.

 
വിശുദ്ധ ബൈബിളില്‍ യെഹൂദന്മാര്‍ ദൈവാലയത്തില്‍ സമര്‍പ്പിക്കേണ്ട വഴിപാടിനെക്കുറിച്ച് വളരെ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. “യഹോവ പിന്നെയും മോശെയോട് കല്‍പ്പിച്ചതെന്തെന്നാല്‍ യിസ്രായേല്‍ മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിനു അവരെ എണ്ണുമ്പോള്‍ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരില്‍ ഓരോരുത്തന്‍ താന്താന്റെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പു വില കൊടുക്കേണം.

 

എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധ മന്ദിരത്തിലെ തൂക്ക പ്രകാരം അര ശേക്കെല്‍ കൊടുക്കണം. അര ശേക്കെല്‍ എന്നതു ഇരുപതു ഗേര. ആ അരശേക്കെല്‍ യഹോവയക്കു വഴിപാടായിരിക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഇരുപതു വയസ്സും അതിനു മീതെയുള്ളവരെല്ലാം യഹോവയ്ക്കു വഴിപാടു കൊടുക്കണം.

 

നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ നിങ്ങള്‍ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോള്‍ ധനവാന്‍ അര ശേക്കെലില്‍ അധികം കൊടുക്കരുത്. ദരിദ്രന്‍ കുറച്ചു കൊടുക്കുകയും അരുത്. ഈ പ്രായശ്ചിത്ത ദ്രവ്യം നീ യിസ്രായേല്‍ മക്കളോടു വാങ്ങി സമാഗമന കൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കണം”. (പുറ. 30:11-16). അര ശേക്കെല്‍ വെള്ളിക്ക് 8 ഗ്രാം തൂക്കമുണ്ട്. ഇപ്പോഴത്തെ വില നിശ്ചയിച്ചാല്‍ ഏകദേശം 4 ഡോളര്‍ മൂല്യം വരും.

അതായത് ഇപ്പോഴത്തെ 270 രൂപയോളം വരും. അര ശേക്കെല്‍ നാണയം അന്നു യഹോവ നിശ്ചയിച്ചത് ചെറിയവരെന്നോ, വലിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ദൈവസന്നിധിയില്‍ തുല്യരത്രേ എന്നുള്ള ദൈവീക കാഴ്ചപ്പാടിന്റെ ഉത്തമ അടയാളമായിട്ടാണ് ഇരിക്കുന്നത്.
യെരുശലേം ദൈവാലയത്തിലെ ഭരണ കാര്യ സമിതിയും, ന്യായധിപ സഭയുമായ സന്നിദ്രിം സംഘത്തിനാണ്് ദൈവാലയത്തിന്റെ ശുശ്രൂഷയ്ക്കായുള്ള നിയന്ത്രണവും അധികാരവുമുള്ളത്. സന്നിദ്രിം മുന്‍കൈ എടുത്താണ് അര ശേക്കെല്‍ നാണയം പുറത്തിറക്കുന്നത്. ഇപ്പോള്‍ത്തന്നെ ഏകദേശം 2 ലക്ഷം നാണയങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.

 

രണ്ടാം യെരുശലേം ദൈവാലയം നശിപ്പിച്ചതിനു ശേഷം എഡി 135 വരെയും യെഹൂദന്മാര്‍ ചിന്നിച്ചിതറിയ സ്ഥലങ്ങളില്‍ അവരുടെ ആരാധനയ്ക്കിടയിലും അര ശേക്കെല്‍ നാണയം ഉപയോഗിച്ചിരുന്നു എന്നു ചരിത്രകാരന്മാര്‍ പറയുന്നു. യെഹൂദന്മാര്‍ തങ്ങളുടെ നഷ്ടപ്പെട്ട ദൈവാലയം രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും പുനര്‍ നിര്‍മ്മിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞിരിക്കുകയാണ്.

 

അത് ഏതു നിമിഷവും ആരംഭിക്കാം. അതിനുള്ള രഹസ്യ നടപടികളും, പരസ്യമായ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. ഈ അടുത്ത കാലത്തായി അതിനുള്ള വേഗത വര്‍ദ്ധിക്കുകയുമുണ്ടായി. എന്നാല്‍ യെരുശലേം ദൈവാലയം യെഹൂദന്മാര്‍ പണിതു തീര്‍ക്കുന്നതിനു മുമ്പായി ലോകത്ത് സംഭവിക്കേണ്ട ഏറ്റവും വലിയ ഒരു മഹാസംഭവം നടക്കും.

 

അത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടം മടങ്ങി വരവാണ്. കര്‍ത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന സത്യം ഈ ആനുകാലിക സംഭവങ്ങള്‍ നമ്മെ വിളിച്ചറിയിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.