നിയമസഭയില്‍ നരകവും അന്തിക്രിസ്തുവും
തിരുവനന്തപുരം: കേരളാ നിയമസഭയില്‍ ബൈബിള്‍ വചനത്തിന്റെ നിറസാന്നിദ്ധ്യം. മാര്‍ച്ച് 10നു കൂടിയ നിയമസഭാ സമ്മേളന ദിവസമാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദും ധനകാര്യമന്ത്രി കെ.എം. മാണിയും പരസ്പരം ബൈബിള്‍ വചനം പ്രയോഗിച്ചത്.
ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷം ഇറങ്ങിപ്പോകും മുമ്പാണ് വി.എസ്-ന്റെ ബൈബിള്‍ പ്രയോഗം. മത്തായിയുടെ സുവിശേഷത്തില്‍ 17-ാം അദ്ധ്യായത്തില്‍ യേശു പറഞ്ഞ “ഒരു മനുഷ്യന്‍ സര്‍വ്വ ലോകം നേടിയിട്ടും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു പ്രയോജനം” എന്നാണ് വി.എസ്. ചോദിച്ചത്.
കള്ളത്തരവും മോഷണവും നടത്തിയാല്‍ കെടാത്ത തീയും ചാവാത്ത പുഴുവുമുള്ള രകത്തിലേക്കു മാണി പോകുമെന്നും വി.എസ്. പറഞ്ഞു. പുഴുക്കള്‍ നുരയ്ക്കുന്ന നരകത്തില്‍ മുങ്ങിപ്പോകുന്നതില്‍ തനിക്ക് ദുഃഖമുണ്ട്. ചെയ്തുപോയ മഹാപാപം ഏറ്റു പറയുവാന്‍ മാണി തയ്യാറാകണം. ഇതുകേട്ട മാണിയും വിട്ടുകൊടുത്തില്ല.
വി.എസ്. അന്തിക്രിസ്തുവാണ്. ചെകുത്താന്‍ വേദം ഓതുന്നതുപോലെയാണ് വി.എസ്-ന്റെ സംസാരമെന്നും മാണി തിരിച്ചടിച്ചു. ദൈവവചനം സത്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ദൈവവചനം അനുസരിച്ച് അതിന്‍പ്രകാരം ശരിയായി ജീവിക്കുവാന്‍ എല്ലാവരും സന്മനസ്സ് കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

