മതപരിവര്‍ത്തന നിരോധന നിയമം: വിശ്വാസികളില്‍നിന്നും സമ്മതപത്രം വാങ്ങി സഭാ ശുശ്രൂഷകന്‍
മുംബൈ: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന നിരോധന നിയമം വെള്ളിയാഴ്ച പ്രാബല്യത്തിലെത്തിയതോടെ ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി എത്തുന്ന വിശ്വാസികളില്‍നിന്നും സമ്മതപത്രം വാങ്ങുകയാണ് വിവിധ ചര്‍ച്ചുകളിലെ അദികാരികള്‍.
മുംബൈ മെട്രോപോളിറ്റന്‍ മേഖലയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളാണ് വിശ്വാസികളില്‍നിന്നും സമ്മത പത്രം വാങ്ങിത്തുടങ്ങിയത്. സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് ചര്‍ച്ചുകളില്‍ എത്തുന്നതെന്ന് വ്യക്തമാക്കുന്ന സമ്മത പത്രം പൂരിപ്പിക്കണമെന്നാണ് വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൂരിപ്പിച്ച സമ്മത പത്രം അതാത് ആരാധനാലയങ്ങളില്‍ സൂക്ഷിക്കും.
സര്‍ക്കാര്‍ അധികൃതരോ പോലീസോ ആവശ്യപ്പെട്ടാല്‍ നല്‍കാനാണിതെന്ന് വസായിയിലെ പാസ്റ്റര്‍ സാം മത്തായി പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളിലായി വിശ്വാസികളില്‍നിന്ന് സമ്മത പത്രം വാങ്ങുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ മുംബൈ മെട്രോപോളിറ്റന്‍ മേഖലയില്‍ മാത്രം ചര്‍ച്ചുകളുടെ നേര്‍ക്ക് 11 ആക്രമണങ്ങളുണ്ടായി.
വസായി-വിരാര്‍, പാല്‍ഘട്ട്, നളാസോപാറ, ഭൈന്ദര്‍ എന്നിവിടങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്.
തീവ്ര ഹിന്ദുത്വ വാദികള്‍ യാതൊരു പ്രകോപനവുമില്ലാതെ ചര്‍ച്ചുകളിലെത്തുന്നവരെ ആക്രമിക്കുന്നത് പതിവാണ്. പ്രാര്‍ത്ഥനയ്ക്കായി വരാന്‍ ഞങ്ങള്‍ ഒരാളെയും നിര്‍ബന്ധിക്കാറില്ല.
സ്വന്തം മതവിശ്വാസം അനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. പാസ്റ്റര്‍ സാം മത്തായി പറഞ്ഞു.
മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കിയതോടെ വിശ്വാസികള്‍ ആശങ്കയിലാണെന്ന് മുംബൈ കത്തോലിക്കാ സഭാ വക്താവ് ഡോള്‍ഫി ഡിസൂസ പറഞ്ഞു.
മുംബൈ മെട്രോപോളിറ്റന്‍ മേഖലയില്‍ 4000-ത്തിലേറെ ചര്‍ച്ചുകളുണ്ട്. മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലിജിയന്‍ ആക്ട് 2026 എന്ന പേരില്‍ പാസ്സാക്കിയ മതപരിവര്‍ത്തന നിരോധന നിയമം ജൂലൈ 30-ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ആഗസ്റ്റ് 30-ന് പ്രാബല്യത്തില്‍ വരും.

