ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാലിനു വീണ്ടും ജാമ്യം നിഷേധിച്ചു
ഹിന്ദു ദൈവമായ ശിവനെക്കുറിച്ച് ഫേസ് ബുക്കില്‍ അഭിപ്രായം പറഞ്ഞതിന് അറസ്റ്റിലായ ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാലിനു വീണ്ടും ജാമ്യം നിഷേധിച്ചു.
ആഗസ്റ്റ് 24 തിങ്കളാഴ്ച റായ്പൂരിലെ രണ്ടാം അഡീഷണല്‍ സെക്ഷന്‍സ് ജെഡ്ജി ജാമ്യാപേക്ഷ തള്ളി. റായ്പൂര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അരുണ്‍ പന്നലാലിന് ഇത് രണ്ടാം തവണയാണ് ജാമ്യം നിഷേധിക്കുന്നത്.
ശിവനെക്കുറിച്ചും ശിവലിംഗത്തെക്കുറിച്ചും ആക്ഷേപകരമായ അഭിപ്രായം പോസ്റ്റ് ചെയ്തതായി ആരോപിച്ച് ബിജെപി വക്താവ് അമിത് ചിംനാതി റായ്പൂരിലെ സിവില്‍ ലൈന്‍സ് പോലീസിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആഗസ്റ്റ് 8-ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ആദ്യ ഔപചാരിക ജാമ്യ അപേക്ഷ ആഗസ്റ്റ് 19-ന് വിചാരണ കോടതി തള്ളിയിരുന്നു. സെക്ഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പുതിയ അപേക്ഷയും നിരസിച്ചു.
ജാമ്യത്തിനായി ഞങ്ങളുടെ അഭിഭാഷകന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പന്നലാലിന്റെ മകന്‍ വൈഭവ് മാദ്ധ്യമങ്ങളോടു പറഞ്ഞു.

