20 ആന്ധ്ര മിഷണറിമാര്‍ക്ക് രാജസ്ഥാനില്‍ പോലീസ് മര്‍ദ്ദനമേറ്റു
ജയ്പൂര്‍ : ആന്ധ്രാ പ്രദേശില്‍ നിന്നു രാജസ്ഥാനില്‍ പോയി സുവിശേഷ പ്രവര്‍ത്തനം നടത്തിയ മിഷണറി സംഘത്തെ രാജസ്ഥാന്‍ പോലീസ് അറസ്റ്റു ചെയ്തു ക്രൂരമായി മര്‍ദ്ദിച്ചു. ഫെബ്രുവരി 25നായിരുന്നു സംഭവം നടന്നത്.
ഹൈദ്രാബാദില്‍നിന്നും രാജസ്ഥാനിലേക്കു പോയ ഹെബ്രോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ മിഷണറി സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. പാസ്റ്റര്‍ സ്റ്റീഫന്‍ രാജിന്റെ നേതൃത്വത്തിലെത്തിയ 20 മിഷണറിമാര്‍ ജയ്പൂരില്‍ എത്തി രാജസ്ഥാന്റെ വിവിധ സ്ഥലങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായിരുന്നു പദ്ധതി.
ജയ്പൂരിലെ മാന്‍സരോവാര്‍ സെന്ററിനു സമീപം രാവിലെ മെഗാഫോണ്‍ ഉപയോഗിച്ച് സുവിശേഷം പ്രസംഗിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഈ സമയം ഒരു സ്ഥലവാസി ഇവരില്‍നിന്നു ഒരു ലഘുലേഖ വാങ്ങിയശേഷം അല്‍പം മാറിനിന്നു ഫോണ്‍ ചെയ്യുകയുണ്ടായി.
ഇതിനെത്തുടര്‍ന്ന് ചില ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ കുതിച്ചെത്തി മിഷണറിമാരെ ചോദ്യം ചെയ്തു. വിവരം അറിഞ്ഞ് പോലീസും എത്തി. പോലീസ് മിഷണറിമാരെ രണ്ടു ജീപ്പുകളിലായി പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു.
മിഷണറിമാരുടെ കൈകള്‍ നീട്ടുവാന്‍ ആവശ്യപ്പെട്ടു തുടര്‍ന്നു ലാത്തികൊണ്ട് കൈകളില്‍ നിരവധി തവണ അടിക്കുകയും മര്‍ദ്ദിക്കുകയും ഉണ്ടായി. രാത്രിയോടെ ഇവരെ മോചിപ്പിക്കുകയും ചെയ്തു.

