കുട്ടികളില്‍ അക്രമ വാസന കൂടുന്നു, പബ്ജി ഗെയിം നിരോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

കുട്ടികളില്‍ അക്രമ വാസന കൂടുന്നു, പബ്ജി ഗെയിം നിരോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

Breaking News India

കുട്ടികളില്‍ അക്രമ വാസന കൂടുന്നു, പബ്ജി ഗെയിം നിരോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന ഓണ്‍ലൈന്‍ ഗെയിം പബ്ജി കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്.

ഗെയിം കളിക്ക് അടിമകളാകുന്ന കുട്ടികളില്‍ ചിലര്‍ പഠനം ഉഴപ്പുകയും അക്രമ വാസന പ്രകടിപ്പിക്കുന്ന മാനസിക അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കുന്നതിനാല്‍ പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ രംഗത്തു വന്നു.

മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്താനുള്ള മാനസിക നില സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഗെയിം നിരോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ്.

പഠനത്തില്‍ പിന്നോക്കം പോകുന്നു, കുട്ടികളെ അടിമകളാക്കി വെയ്ക്കുന്നു തുടങ്ങിയ കാരണങ്ങളാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഈ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

പ്രൈമറി സ്കൂളുകളില്‍ ഈ ഗെയിം പൂര്‍ണ്ണമായി നിരോധിക്കാനാണ് സര്‍ക്കുലറിലെ പ്രധാന ഉള്ളടക്കം. പ്ളെയര്‍ അണ്‍ഹോണ്‍സ് ബാറ്റില്‍ ഗ്രൌണ്ട് എന്ന ഗെയിമിന്റെ ചുരുക്കപ്പേരാണ് പബ്ജി എന്നത് യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വന്‍ പ്രചാരമാക്കിയിരിക്കുന്നത്.

സിംഗിള്‍ ‍, ഡ്യുവോ, മള്‍ട്ടി എന്നീ തലത്തില്‍ കളിക്കാന്‍ കഴിയുന്ന ഈ ഗെയിം കേരളത്തിലും ഹരമായിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയില്‍ സൂരജ്എന്ന 19 കാരന്‍ വിദ്യാര്‍ത്ഥി മാതാപിതാക്കളെയും, സഹോദരിയെയും കൊലപ്പെടുത്തിയതിന്റെ പിന്നില്‍ പബ്ജി കളിയുടെ സ്വാധീനമുള്ളതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ക്ലാസ്സിനു പോകാതെ രാവിലെ 7 മുതല്‍ വൈകിട്ട് 6 മണിവരെ കൂട്ടുകാരുമൊത്ത് സൂരജ് സ്ഥിരമായി പബ്ജി കളിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കുട്ടികള്‍ പരീക്ഷയില്‍ തോറ്റുപോകുന്നു എന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ഗെയിം നിരോധിക്കണമെന്ന് ആവസ്യപ്പെട്ട് ജമ്മു കാശ്മീര്‍ വിദ്യാര്‍ത്ഥി സംഘടന മുന്നോട്ടു വന്ന വാര്‍ത്തയും ശ്രദ്ധേയമായിരുന്നു.