ഛത്തീസ്ഗഢിലെ ക്രൈസ്തവ വിരുദ്ധ അതിക്രമം: സാമൂഹിക പ്രവര്‍ത്തകര്‍ ഇരകളെ സന്ദര്‍ശിച്ചു
റായ്പൂര്‍ : ഛത്തീസ്ഗഢില്‍ വര്‍ദ്ധിച്ചു വരുന്ന ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യയിലെ പ്രമുഖ സാമൂഹിക മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ അക്രമ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.
ജൂണ്‍ 8 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഓള്‍ ഇന്‍ഡ്യാ പീപ്പിള്‍സ് ഫോറം (എ.ഐ.പി.എഫ്) എന്ന സംഘടനയുടെ നേതാക്കളാണ് ഛത്തീസ്ഗഢിലെ പ്രശ്ന ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. എ.ഐ.പി.എഫ് ടീമിന്റെ 8 അംഗങ്ങള്‍ ബസ്തര്‍ മേഖലയിലെ നാലു ജില്ലകളിലാണ് സന്ദര്‍ശനം നടത്തിയത്.
ടീം പ്രവര്‍ത്തകര്‍ 6 പോലീസ് പാരാ മിലിട്ടറി കേന്ദ്രങ്ങളും 25 ഗ്രാമങ്ങളിലെ ക്രൈസ്തവരില്‍ പലപ്പോഴായി സുവിശേഷ വിരോധികളുടെ അക്രമങ്ങള്‍ക്കും നീതി നിഷേധത്തിനും ഇരയായവരേയും അവരുടെ കുടുംബങ്ങളേയും നേരില്‍കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
ക്രൈസ്തവ കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ അവരുടെ ജഡം സംസ്ക്കരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുക, സഭാ ആരാധനകള്‍ തടസ്സപ്പെടുത്തുക, പാസ്റ്റര്‍മാരേയും, പുരോഹിതന്മാരേയും, വിശ്വാസികളേയും ആക്രമിച്ചു പരിക്കേല്‍പ്പിക്കുക, ആരാധനാലയങ്ങള്‍ തകര്‍ക്കുകയോ, അഗ്നിക്കിരയാക്കുകയോ ചെയ്യുക തുടങ്ങിയ സംഭവങ്ങള്‍ ഈ അടുത്തയിടയില്‍ നടന്നിരുന്നു.
ജൂണ്‍ 6-ന് ഒരു കുടുംബ നാഥന്റെ ജഡം സംസ്ക്കരിക്കുവാന്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ഒടുവില്‍ പോലീസ് എത്തിയാണ് ജഡം സംസ്ക്കരിച്ചത്. ജൂണ്‍ 5-ന് അംബികാപൂരില്‍ 25-ഓളം ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആരാധനയ്ക്കിടയിലെത്തി അക്രമം അഴിച്ചുവിട്ടിരുന്നു. പാസ്റ്ററേയും കുടുംബത്തേയും കൈയ്യേറ്റം ചെയ്തു.
ടീം സന്ദര്‍ശിച്ച ഒട്ടുമിക്ക ക്രൈസ്തവ ഗ്രാമങ്ങളിലും ചിലയിടങ്ങളില്‍ ഇപ്പോഴും വൈദ്യുതി പോലും എത്തിയിട്ടില്ല. ഇവിടെ ശരിയായി കുടിവെള്ളം പോലും ലഭിക്കുന്നില്ല. അതുപോലെ കുട്ടികള്‍ക്ക് ആവശ്യമുള്ള സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ല. പലരും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു.
പുതുതായി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുവദിക്കുന്നില്ല. ഈ പ്രശ്നങ്ങളൊക്കെ ടീം നേരിട്ട് മനസ്സിലാക്കി. മദ്ധ്യപ്രദേശ് മുന്‍ ലെജിസ്റ്റര്‍ സുനിലം,ഝാര്‍ഖണ്ഡ് മുന്‍ നിയമസഭാംഗം വിനോദ് സിംഗ്, പ്രശസ്ത സാമൂഹിക പ്രവര്‍ത്തക കവിതാ കൃഷ്ണന്‍ , ബ്രജേന്ദു തിവാരി, അഡ്വ. ആരാധന, അഡ്വ. അജോയ് ഡുട്ട, ബേല ഭട്ടിയ, സോണി സോരി തുടങ്ങിയവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

