പുരാതന പള്ളിക്കു സമീപം നരകത്തിലേക്കുള്ള കവാടം കണ്ടെത്തി ഗവേഷകര്‍
മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മിത്ലയില്‍ നരകത്തിലേക്കുള്ള കവാടം ഗവേഷകര്‍ കണ്ടെത്തി.
പുരാതന സപ്പോട്ടെക് സംസ്ക്കാരത്തിന്റെ ചരിത്രപരമായ വിശ്വാസത്തിലേക്ക് വെളിച്ചം വീശുന്ന കൌതുകകരമായ ഒരു കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. 1521-ല്‍ സ്പാനിഷ്കാരുടെ വരവ് വരെ 2200 വര്‍ഷത്തിലേറെയായി ഈ പ്രദേശത്ത് അധിവസിച്ചിരുന്ന സപ്പോട്ടെക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ പാതകളുടെ ഒരു ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്പാനിഷ് അധിനിവേശത്തിനുശേഷം ഒരു കത്തോലിക്കാ പള്ളിയും മറ്റ് കെട്ടിടങ്ങളും ഈ സൈറ്റിനു മുകളില്‍ നിര്‍മ്മിച്ചു. സപ്പോട്ടെക് പാരമ്പര്യമനുസരിച്ച് ഈ അവശിഷ്ടം മരിച്ചയാളുടെ മണ്ഡലത്തിലേക്കുള്ള ഒരു കവാടമാണെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടാതെ ഭൂഗര്‍ഭ പാതകളിലേക്കുള്ള പ്രവേശനം പള്ളിയുടെ പ്രധാന ബലിപീഠത്തിനു താഴെയായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. മെക്സിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ആന്‍ഡ് ആന്ത്രോപോളജി (ഐഎന്‍എഎച്ച്), നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ (യുഎന്‍എഎം), അസോസിയേഷന്‍ ഫോര്‍ ആര്‍ക്കിയോളജിക്കല്‍ റിസേര്‍ച്ച് ആന്‍ഡ് എക്സ്പ്ളൊറേഷന്‍ , എആര്‍എക്സ് പ്രൊജക്ട് എന്നിവ സംയുക്തമായാണ് പര്യവേഷണം നടത്തിയത്.
ജിയോഫിസിക്കല്‍ സ്കാനിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ച് അവര്‍ തുരങ്കങ്ങളുടെ ഒരു സങ്കീര്‍ണ്ണ ശൃംഖല കണ്ടെത്തി.
ഇതുവരെയുള്ള ഏറ്റവും പ്രധാന കണ്ടെത്തല്‍ ഭൂമി നിരപ്പില്‍നിന്ന് ഏകദേശം 16 മുതല്‍ 26 അടിവരെ താഴെയുള്ള പ്രദേശങ്ങളാണ്. ഇത് ഒരു വലിയ അറ തന്നെയാണ്. 1674-ല്‍ ഡൊമിനിക്കന്‍ പിതാവായ ഫ്രാന്‍സിസ്ക്കോ സര്‍ഗോവ മിത്ലയുടെ അവശിഷ്ടങ്ങളും അവയുടെ ഭൂഗര്‍ഭ അറകളും സ്പാനിഷ് മിഷണറിമാരുടെ പര്യവേഷണത്തില്‍ വിവരിക്കുകയുണ്ടായി.
സര്‍ഗോവയുടെ വിവരണം പരസ്പര ബന്ധിതമായ അറകള്‍ അടങ്ങുന്ന വിശാലമായ ഭൂഗര്‍ഭ ആരാധനാലയത്തെ കേന്ദ്രീകരിക്കുന്നു. അവസാന ഭൂഗര്‍ഭ അറയില്‍നിന്ന് ഒരു കല്‍വാതില്‍ ഭൂമിക്കടിയിലേക്ക് വ്യാപിച്ചു കിടക്കുന്ന ആഴത്തിലുള്ള ഗുഹയിലേക്ക് നയിച്ചു.
ഈ ഗുഹ അതിന്റെ മേല്‍ക്കൂരയെ താങ്ങിനിര്‍ത്തുന്ന തൂണുകളുള്ള തെരുവുകളോട് സാമ്യമുള്ള പാതകളാല്‍ ചുറ്റപ്പെട്ടു.

