കുമ്പനാട് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കുമ്പനാട് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

Breaking News Kerala

കുമ്പനാട് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
കുമ്പനാട്: ഭാരതത്തിലെ പരമ്പരാഗത പെന്തക്കോസ്തു ആത്മീയ സംഗമങ്ങളില്‍ പ്രചുര പ്രചാരം നേടിയ കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 12-19 വരെ ഹെബ്രോന്‍ പുരത്ത് നടക്കും.

ഡിസംബര്‍ 4-നു ഹെബ്രോന്‍ പുരത്തു കൂടിയ പുതിയ ജനറല്‍ കൌണ്‍സിലിന്റെ പ്രഥമ യോഗം കണ്‍വന്‍ഷനുവേണ്ടി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു. ഐ.പി.സിയുടെ 96-ാമതു ജനറല്‍ കണ്‍വന്‍ഷനാണിത്.
താഴ്മ, വിശുദ്ധി, സൌഖ്യം എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ റ്റി. വല്‍സന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും.

വിവിധ ദിവസങ്ങളില്‍ സുവിശേഷ സമ്മേളനങ്ങളില്‍ പ്രമുഖ പ്രഭാഷകരും, ജനറല്‍ ‍, വിവിധ സ്റ്റേറ്റ്, റീജിയന്‍ ഭാരവാഹികളും പ്രസംഗിക്കും. ഹെബ്രോന്‍ ബൈബിള്‍ കോളേജ് ബിരുദദാനം, സോദരി സമാജം സമ്മേളനം, വിദേശ മലയാളി വിശ്വാസികളുടെ (എന്‍ആര്‍ഐ) സംഗമം, സ്നാനം, ഗ്ളോബല്‍ മീഡിയ മീറ്റ്, സണ്ടേസ്കൂള്‍ ‍-പിവൈപിഎ സമ്മേളനം എന്നിവ നടക്കും.

ദിവസവും രാവിലെ 5.30-നു പ്രഭാത ധ്യാനം, എട്ടിനു ബൈബിള്‍ ക്ലാസ്സ്, രാവിലെ 10-നു പൊതുയോഗം, 1.30-നു മിഷണറി സമ്മേളനം എന്നിവയുണ്ടാകും. വൈകിട്ട് 5.30-നു സുവിശേഷ സമ്മേളനം, 19-നു രാവിലെ എട്ടിനു പതിനായിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന ഭക്തി നിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയോടും പൊതുയോഗത്തോടും കൂടെ കണ്‍വന്‍ഷന്‍ സമാപിക്കും. പാസ്റ്റര്‍ കെ.എം. ജോസഫ് തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.