കൊതുകിനെ തുരത്താന്‍ പരിസ്ഥിതി സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍
ന്യൂഡെല്‍ഹി: നാടിനു ശാപമായിക്കൊണ്ടിരിക്കുന്ന കൊതുകിനെ കൊല്ലാന്‍ പരിസ്ഥിതി സൌഹാര്‍ദ്ദ സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍ ഗവേഷണ കേന്ദ്രം.
പ്രത്യേക തരം ബാക്ടീരിയ ഉപയോഗിച്ച് കൊതുകുകളെ നശിപ്പിക്കുന്നതാണ് പുതുച്ചേരിയിലെ ഐസിഎംആര്‍ ഗവേഷണ കേന്ദ്രത്തില്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ബിടിഐ വിസിആര്‍സി ബി-17 എന്ന ബാക്ടീരിയ വകഭേദമാണ് ഐസിഎംആര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
മറ്റ് ജീവജാലങ്ങള്‍ക്ക് ദോഷം വരുത്താതെ ഇത് കൊതുകുകളെ നശിപ്പിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കൊതുകുകളെ മാത്രമേ ബാക്ടീരിയ നശിപ്പിക്കുകയുള്ളു എന്നതാണ് പുതയി സാങ്കേതിക വിദ്യയുടെ പ്രത്യേകതയെന്ന് ഐസിഎംആര്‍ വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. അശ്വിനി കുമാര്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ബാക്ടീരിയായുടെ അത്രയും ഫലപ്രദമാണ് ഐസിഎംആര്‍ വികസിപ്പിച്ചെടുത്ത വകഭേദവും. ഈ സാങ്കേതിക ഉപയോഗിക്കാന്‍ 21 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാണിജ്യാടിസ്ഥാനത്തില്‍ ബിടിഐയുടെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ മലേറിയ, ഡെങ്കിപ്പനി, ചുക്കുന്‍ഗുനിയ, സിക്ക തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങള്‍ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ അത് പുതിയൊരു കാല്‍വെയ്പാകും.
കഴിഞ്ഞ മാസം ബിടിഐ സാങ്കേതിക വിദ്യയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിനായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഹിന്ദുസ്ഥാന്‍ ഇന്‍സെറ്റിസൈഡസിന് കൈമാറിയിരുന്നു.