കര്‍ത്താവ് നമ്മോടൊപ്പം

കര്‍ത്താവ് നമ്മോടൊപ്പം

Articles Breaking News Editorials

കര്‍ത്താവ് നമ്മോടൊപ്പം

എല്ലാ മനുഷ്യര്‍ക്കും പ്രതികൂലങ്ങള്‍ സര്‍വ്വസാധാരണമാണ്. പ്രതികൂലങ്ങള്‍ വരുമ്പോള്‍ ചിലര്‍ തളര്‍ന്നു വീഴുന്നു.

പ്രതികൂലത്തെ അതിജീവിക്കാനുള്ള ത്രാണി ഇല്ലാതെ പോകുന്നു. ഇതിനു പിന്നിലെ മുഖ്യ കാരണം ദൈവത്തെ പൂര്‍ണ്ണമായി വിശ്വസിപ്പാന്‍ കഴിയാത്തതാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാ പ്രതികൂലങ്ങളേയും അതിജീവിക്കുവാന്‍ കഴിയും.

കര്‍ത്താവായ യേശുവിന്റെ കൂടെ നടന്ന ശിഷ്യന്മാര്‍ക്ക് ഒന്നിലും കുറവില്ലായിരുന്നു. അവരുടെ എല്ലാ കാര്യങ്ങളിലും യേശു അടുത്തുണ്ട് എന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ യേശു ക്രൂശിക്കപ്പെട്ട് ഉയര്‍ത്തെഴുന്നേറ്റ ശേഷം അവരില്‍ പലരുടെയും ചിന്തകള്‍ അസ്ഥാനത്തായി. അതിനു കാരണം അവരുടെ അവിശ്വാസമായിരുന്നു. ഐഹിക കാലത്തു യേശു ശിഷ്യന്മാരോടൊപ്പം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ആ അനുഭവം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന യേശുവിന്റെ അദൃശ്യ സാന്നിദ്ധ്യം ശിഷ്യന്മാര്‍ക്ക് പെട്ടന്ന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

എന്നാല്‍ യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായ ശേഷം അവര്‍ അവനില്‍ അതിയായി വിശ്വസിക്കുവാനിടയായി.

നൂറ്റാണ്ടുകള്‍ക്കു ശേഷവും യേശുവിന്റെ അദൃശ്യ സാന്നിദ്ധ്യം അവന്റെ മക്കളായ നമ്മോടൊപ്പമുണ്ട്. നാം ആ സത്യം മനസ്സിലാക്കണം.
നമ്മുടെ നടപ്പിലും ജീവിതത്തിലും പ്രവര്‍ത്തിയിലും വിശ്വാസമുള്ളവരായിരിക്കണം. എങ്കില്‍ മാത്രമേ ദൈവത്തില്‍നിന്നും അനുഗ്രഹങ്ങള്‍ നമുക്ക് ലഭിക്കു. രോഗങ്ങളും പ്രശ്നങ്ങളും നമ്മെ അലട്ടുമ്പോള്‍ നാം ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കണം. യേശു എല്ലാറ്റിനും പരിഹാരമാണ്.

നമ്മുടെ കുടുംബങ്ങളില്‍ അസ്വസ്ഥതയും, ഞെരുക്കങ്ങളും, സഭയില്‍ ഭിന്നതകള്‍ എന്നിവയും ഉണ്ടാക്കുവാന്‍ സാത്താന്‍ കിണ ഞ്ഞു ശ്രമിക്കുകയാണ്. ഇത് വിശ്വാസികളെ നശിപ്പിക്കുവാനുള്ള തന്ത്രങ്ങളാണ്. ഇതിനെ അതിജീവിക്കണമെങ്കില്‍ നാം നമ്മുടെ വിലയേറിയ വിശ്വാസം നമ്മിലൂടെത്തന്നെ വെളിപ്പെടുത്തണം.

എല്ലാറ്റിനും എന്റെ കര്‍ത്താവ് തുണ എന്ന ചിന്ത നമ്മെ ഭരിക്കണം. കര്‍ത്താവിനു നമ്മുടെ ഹൃദയത്തില്‍ പ്രഥമ സ്ഥാനം നല്‍കുമ്പോള്‍ കര്‍ത്താവ് നമ്മെ ശക്തീകരിക്കും. അങ്ങനെ നാം ധൈര്യമുള്ളവരായിത്തീരുന്നു.

ഇന്ന് പല കുടുംബങ്ങളും തകരുന്നത് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി തിരിച്ചറിയുവാന്‍ കഴിയാത്തതു മൂലമാണ്. അവന്‍ നമ്മോടുകൂടെയുള്ള കാര്യം നാം ഓര്‍ക്കാതെ പോകുന്നു. ഇനിയും ഇത്തരത്തിലുള്ള മനോഭാവം നമ്മിലുണ്ടാവരുത്.

നാം കര്‍ത്താവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരാണ്. ഈ പദവി ഭൂമിയില്‍ ഏറ്റവും മഹത്വകരമാണ്. ഇത് തിരിച്ചറിയുന്നത് ഏറ്റവും നന്ന് എന്ന് ഓര്‍പ്പിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.