സഹാറ മരുഭൂമി പതുക്കെ പച്ചപ്പിലേക്കെന്നു പഠനം

സഹാറ മരുഭൂമി പതുക്കെ പച്ചപ്പിലേക്കെന്നു പഠനം

Breaking News Middle East

സഹാറ മരുഭൂമി പതുക്കെ പച്ചപ്പിലേക്കെന്നു പഠനം
സഹാറ മരുഭൂമി എന്നു കേള്‍ക്കുമ്പോഴേക്കും ആദ്യം മനസ്സില്‍ വരിക ചുട്ടു പഴുത്ത മണലും മണല്‍ കാറ്റുമൊക്കെയാണ്. എന്നാല്‍ അടുത്ത കാലത്ത് ദൃശ്യമാകുന്ന ചില മാറ്റങ്ങള്‍ സഹാറ മരുഭൂമിയില്‍ സംഭവിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ ‍.

മരുഭൂമിയുടെ പല ഭാഗങ്ങളും പതിയെ പുല്‍മേടുകളായി രൂപാന്തിരം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു പഠനങ്ങള്‍ പറയുന്നു.ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ടാണ് മരുഭൂമിയില്‍ ഇപ്രകാരമൊരു മാറ്റം സംഭവിച്ചിരിക്കുന്നതെന്നാണു ഗവേഷകരുടെ വാദം.

പലപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചു മരുഭൂമിയില്‍ ചിലയിടങ്ങളിലെല്ലാം ചെറിയ പച്ചപ്പുകള്‍ രൂപപ്പെടാറുണ്ടെങ്കിലും ഇത് അധികം നിലനില്‍ക്കാറില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇതില്‍നിന്നും വ്യത്യസ്തങ്ങളായി ആ പച്ചപ്പ് പതിയെ വളരാന്‍ തുടങ്ങും.

ഇതിനു ഉദാഹരണമാണ് സഹാറ മരുഭൂമിയില്‍ രൂപംകൊണ്ട പുല്‍മേടുകള്‍ ‍. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഇനിയും സംഭവിക്കാമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

അങ്ങനെവന്നാല്‍ മരുഭൂമിയുടെ വലിപ്പം കുറയാം. മരുഭൂമിയിലെ ചൂടുള്ള വായുവിനു കൂടുതല്‍ ഈര്‍പ്പം വഹിക്കാനുള്ള ശേഷിയുണ്ട്. ഇത് മരുപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനു കാരണമാകും. 1982-നും 2002-നും ഇടയില്‍ നാസ ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച് സഹാറയുടെ പല പ്രദേശങ്ങളിലും ചെടികള്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഇതിന്റെ തെളിവായി സഹാറയുടെ തെക്കു ഭാഗത്തുള്ള അര്‍ദ്ധ മരുഭൂമി മേഖലയായ സഹേല്‍ ‍, സെനഗലില്‍ നിന്നു സുഡാന്‍ വരെ നീളുന്ന 2,400 മൈല്‍ പ്രദേശങ്ങള്‍ ‍, ചാഡ്, തെക്കു പടിഞ്ഞാറന്‍ ഈജിപ്റ്റ് എന്നിവിടങ്ങളിലും ഇവ ദൃശ്യമാകുന്നു.

വെറും പുല്‍മേടുകള്‍ മാത്രമല്ല അക്കാബിയസ് പോലുള്ള മരങ്ങളും ഈ പ്രദേശങ്ങളില്‍ വളരുന്നു.
20 വര്‍ഷത്തിലേറെയായി ഇത്തരം പ്രദേശങ്ങള്‍ നശിക്കാതെ തുടരുന്നു. മാറ്റങ്ങള്‍ മൂലം 2080 ആകുമ്പോഴേക്കും സഹാറ പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴ രണ്ട് മില്ലീമീറ്റര്‍ വരെ വര്‍ദ്ധിക്കുമെന്നാണു ചില ശാസ്ത്രജ്ഞന്മാര്‍ പ്രവചിക്കുന്നത്.

മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മാര്‍ട്ടിന്‍ ക്ളോസ്സെന്റെ അഭിപ്രായത്തില്‍ സഹാറ മരുഭൂമിയിലെ കാലാവസ്ഥ പകുതി നനഞ്ഞതും ബാക്കി പകുതി വരണ്ട അവസ്ഥയിലുമാണ്. എന്തായാലും ഭാവിയില്‍ സംഭവിക്കാവുന്ന വലിയ മാറ്റങ്ങള്‍ പ്രതീക്ഷയോടെയാണ് ശാസ്ത്ര ലോകം കാത്തിരിക്കുന്നത്.