ഈ ഗ്രാമത്തില്‍ ആരോഗ്യമുള്ളവര്‍ മാത്രം ജീവിച്ചാല്‍ മതി; ജനനത്തിനും മരണത്തിനും നിരോധനം
ആര്‍ട്ടിക് സമുദ്രത്തിനു നടുവില്‍ നോര്‍വേയുടെ കേന്ദ്ര ഭാഗത്തുനിന്നും 930 കിലോമീറ്റര്‍ വടക്കായി ഉത്തര ധ്രുവത്തിനു വെറും 650 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് സ്വാല്‍ വെര്‍ഡ്.
മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ഇവിടെ ലോകത്തിന്റെ അറ്റത്തുള്ള ഗ്രാമമായാണ് അറിയപ്പെടുന്നത്. അതിസാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ ഈ ഗ്രാമത്തില്‍ ജനനത്തിനും മരണത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്താണ് ഇതിനു കാരണമെന്ന് ചിന്തിക്കുന്നുണ്ടാകും. കൊടും തണുപ്പ് തന്നെയാണ് കാരണം. അതിശൈത്യം കാരണം ഇവിടത്തെ മൃതദേഹങ്ങള്‍ അഴുകുകയില്ല.
മാത്രമല്ല ഇവിടെ പരിമിതമായേ മെഡിക്കല്‍ സൌകര്യങ്ങളേയുള്ളു. മൃതശരീരത്തിലെ വൈറസുകളും രോഗാണുക്കളും കാലങ്ങളോളം നിലനില്ക്കാന് ഇടയുള്ളതിനാല്‍ മാരകമായ അസുഖങ്ങള്‍ ബാധിക്കുന്നവരെയും കിടപ്പിലാകുന്നവരെയും എത്രയും പെട്ടന്ന് ഗ്രാമത്തിനു പുറത്തെത്തിക്കും മറ്റ് നഗരങ്ങളിലും പാര്‍പ്പിക്കും.
അതിനാല്‍ ഇവിടെ മരണം നിരോധിച്ചിരിക്കുകയാണ്. ഗര്‍ഭിണികളെ പ്രസവത്തിനു ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇവിടെനിന്ന് നോര്‍വേയിലെ ഓസ്ളോ അല്ലെങ്കില്‍ ട്രം ഹിസായിലേക്കും മാറ്റണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.
വൃദ്ധ സദനങ്ങളില്ലാത്ത, കുറ്റകൃത്യങ്ങളില്ലാത്ത ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഈ ഗ്രാമത്തില്‍ ഏറ്റവും കുറഞ്ഞ താപനില -43 ഡിഗ്രി സെല്‍ഷ്യസാണ്.
ജോലിചെയ്യുന്നവര്‍ക്കും പ്രതിരോധശേഷി ഉള്ളവര്‍ക്കും മാത്രം താമസിക്കാന്‍ കഴിയുന്ന ഈ ഗ്രാമത്തിലെ ആളുകള്‍ വരുമാനമാര്ഗ്ഗമില്ലെങ്കില് ഗ്രാമം വിട്ടു പോകണം. ഇവിടത്തെ ജനസംഖ്യ വെറും 2881 പേരാണ്.

