രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ മുഖം മാറ്റിവയ്ക്കല്‍ പദ്ധതിക്ക് തുടക്കമായി
ന്യൂഡെല്‍ഹി: ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ മുഖം മാറ്റിവയ്ക്കല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.
ആസിഡ് ആക്രമണം, ഗുരുതരമായ തീപ്പൊള്ളല്‍, വാഹനാപകടങ്ങള്‍ എന്നിവയിലൂടെ മുഖം വികൃതമാകുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തവര്‍ക്ക് പ്രതീക്ഷ ഉളവാക്കുന്ന പദ്ധതിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിനു കീഴിലുള്ള ബോസ്റ്റണിലെ ബ്രീംഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി പ്രശസ്ത പ്ളാസ്റ്റിക് സര്‍ജന്‍ ഡോ, ഇന്ദനില്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ എയിംസിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളില്‍നിന്ന് ശേഖരിക്കുന്ന ചര്‍മം, പേശികള്‍, അസ്ഥികള്‍, ഞരമ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ശസ്ത്രക്രീയ നടത്തുന്നത്.
ഇതുമൂലം ശ്വസനം, ഭക്ഷണം കഴിക്കല്‍, സംസാരിക്കല്‍, പുഞ്ചിരിക്കല്‍ തുടങ്ങിയ സ്വാഭാവിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ രോഗിക്ക് തിരികെ ലഭിക്കുമെന്ന് എയിംസ് പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. മനീഷ് സിംഗാന്‍ പറഞ്ഞു.
ഇതുവരെ ഭാഗീകമായ പുനര്‍നിര്‍മ്മാണ ശസ്ത്രക്രീയകളാണ് നടത്തി വന്നിരുന്നത്. ശസ്ത്രക്രീയയ്ക്കുശേഷം ശരീരം പുതിയ അവയവത്തെ നിരസിക്കാതിരിക്കാന്‍ ആജീവനാന്തം പ്രതിരോധ മരുന്നുകള്‍ കഴിക്കേണ്ടതായുണ്ട്.
ശസ്ത്രക്രീയയ്ക്കു മുമ്പായി രോഗികള്‍ നിര്‍ബന്ധമായും മാനസീക ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാകണം. കാന്‍സര്‍ രോഗികള്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഈ ശസ്ത്രക്രീയ നടത്താന്‍ പാടില്ല.

