ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ

ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ

Articles Breaking News Editorials

ക്രൈസ്തവ പീഢനങ്ങള്‍ ഒരു തുടര്‍ക്കഥ

അപ്പോസ്തോലന്മാരായ പൌലോസും ശീലാസും അധിപതികളുടെ മുന്നില്‍ വിചാരണയ്ക്കായി എത്തിപ്പെടുകയുണ്ടായി. അവരെ കാരാഗൃഹത്തില്‍ ആമത്തില്‍ ഇട്ടു.

പക്ഷെ ഇരുവരും അവിടെ അടങ്ങിയിരുന്നില്ല. അവര്‍ എല്ലാറ്റിനും ദൈവത്തിനു മഹത്വം നല്‍കി. അവര്‍ പ്രാര്‍ത്ഥിച്ച് ദൈവത്തെ പാടിസ്തുതിക്കുകയാണുണ്ടായത്. തങ്ങളെ സൂക്ഷിക്കുവാന്‍ പുറത്ത് കാരാഗൃഹ പ്രമാണിയെയും നിറുത്തി.

പൌലോസിന്റെയും ശീലാസിന്റെയും ഉച്ചത്തിലുള്ള ആരാധന മറ്റു തടവുകാരും ശ്രദ്ധിച്ചു. ആരാധനയിങ്കല്‍ ദൈവത്തിന്റെ പ്രവര്‍ത്തി വെളിപ്പെടുവാന്‍ ഏറെ സമയം എടുത്തില്ല. പെട്ടന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി.

എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു. ഭയന്നുപോയ കാരാഗൃഹ പ്രമാണി സ്വയം ഹത്യയ്ക്കൊരുങ്ങി. അപ്പോള്‍ പൌലോസും ശീലാസും അദ്ദേഹത്തെ വിലക്കി. സുവിശേഷം പറഞ്ഞു. കാരാഗൃഹപ്രമാണിയും വീട്ടുകാരും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ ചരിത്രമാണ് നാം തുടര്‍ന്നു വായിക്കുന്നത്. പിന്നീട് ഇരുവരും ജയില്‍ മോചിതരുമായി.

ഇന്നും സുവിശേഷ വിരോധ രാജ്യങ്ങളില്‍ അനേക സംഭവങ്ങള്‍ സമാന രീതിയില്‍ നടക്കുന്നുണ്ട്. ഭൂകമ്പങ്ങളൊന്നുംതന്നെ നടക്കുന്നില്ല. അതുകൊണ്ടുതന്നെ വലിയ മാധ്യമ ശ്രദ്ധ കിട്ടുന്നില്ല എന്നു കരുതിയാല്‍ മതി. പക്ഷെ അനേക കാരാഗൃഹ പ്രമാണിമാര്‍ ‍, അനേക തടവുകാര്‍ രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ക്രൈസ്തവ വിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ലോകരാഷ്ട്രങ്ങളില്‍ ദക്ഷിണകൊറിയ, സൌദി അറേബ്യ, ചൈന, വിയറ്റ്നാം, ക്യൂബ, ആഫ്രിക്കന്‍ ഇസ്ളാമിക രാഷ്ട്രങ്ങള്‍ ‍, മദ്ധ്യ ഏഷ്യയിലെ അറബ് രാഷ്ട്രങ്ങള്‍ ‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇവിടങ്ങളില്‍ കൊലപാതകങ്ങള്‍ ‍, മാനഭംഗം, ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ ‍, കൊള്ളയടി, നാടുകടത്തല്‍ ‍, ജയില്‍വാസം എന്നിവ തകൃതിയായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ രാജ്യങ്ങളിലൊന്നിലും സുവിശേഷത്തിന് സ്വാതന്ത്ര്യമില്ലെങ്കിലും സുവിശേഷം രഹസ്യമായോ പരസ്യമായോ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ പരിവര്‍ത്തനമായി അനേകം പേര്‍ ക്രിസ്ത്യാനികളാകുന്നു. നിരീശ്വരവാദത്തില്‍നിന്നും, ഇസ്ളാം മതംതൊട്ട് മറ്റ് ക്രൈസ്തവ ഇതര മതത്തില്‍നിന്നു വരെ അനേകായിരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുന്നു.

മതസ്വാതന്ത്ര്യങ്ങളില്ലാത്തതും ക്രൈസ്തവ വിരോധ സാഹചര്യങ്ങളുള്ളതുമായ രാജ്യങ്ങളില്‍ സുവിശേഷ പ്രവര്‍ത്തകരേയും ക്രൈസ്തവരേയും കൊല്ലുകയും പീഢിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശം ഇനിമേലാല്‍ ക്രൈസ്തവര്‍ ഉയിര്‍ക്കില്ലെന്നും ക്രൈസ്തവ വളര്‍ച്ചാ നിരക്ക് കുറയ്ക്കാമെന്നുമാണ് ഇക്കൂട്ടര്‍ കരുതുന്നത്.

എന്നാല്‍ ബൈബിള്‍ ശരിയ്ക്ക് പഠിച്ചാല്‍ മനസ്സിലാകും, പീഢനങ്ങള്‍ ഉള്ളയിടത്ത് ദൈവസഭ ശക്തിയാര്‍ജ്ജിക്കും. എതിര്‍ പ്പുകളുള്ളയിടത്ത് ദൈവസഭ വളരും. കാരാഗൃഹ ജീവിതം ഏതു ക്രൈസ്തവനേയും കരുത്തുറ്റവനാക്കും. അവരുടെ പ്രാര്‍ത്ഥനയും നിലവിളിയും സ്തുതിയും ആരാധനയുമൊക്കെ ദൈവസഭയ്ക്കു വളരുവാനുള്ള വളമാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവ് എതിര്‍പ്പുകളുടെ അതിര്‍ വരമ്പുകള്‍ തകര്‍ത്തു കളയും.

ഇന്ന് ക്രൈസ്തവര്‍ക്കെതിരായി പീഢനങ്ങള്‍ നടക്കുന്ന ഒട്ടുമിക്ക രാഷ്ട്രങ്ങളിലും ദൈവസഭകള്‍ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. രഹസ്യമായും പരസ്യമായും സഭാ ആരാധന നടന്നു വരുന്നു. ശത്രുവിന്റെ വാളും, കുന്തവും, തൂക്കുകയറും, തോക്കും, കരാഗൃഹവും ഒക്കെ ദൈവജനത്തിനു മുമ്പില്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തോടു തന്നെയാണ് ധൈര്യമായി വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നത്.

പ്രത്യാശ ഒന്നുമാത്രം, കര്‍ത്താവിന്റെ വരവ് ഏറ്റവും ആസന്നമായിരിക്കുന്നു. വല്ല വിധേനയും ആരെങ്കിലും നരകത്തിലേക്ക് പോകാതിരിക്കട്ടെ എന്ന് ചിലരെങ്കിലും ആത്മാര്‍ത്ഥമായി മനസ്സിലാക്കുന്നു. ഇതെല്ലാം അന്ത്യ കാലത്ത് സംഭവിക്കാനുള്ളതെന്ന് ഒരിക്കല്‍കൂടി ബൈബിള്‍ നമ്മെ ഓര്‍പ്പിക്കുന്നു.
പാസ്റ്റര്‍ ഷാജി. എസ്.