അടുത്ത യു.എസ്. പ്രസിഡന്റ്; ട്രംപിനു സാധ്യതയെന്ന് സര്‍വ്വേ
ഫ്ളോറിഡ: 2024-ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വീണ്ടും സാധ്യതയേറെയെന്ന് സര്‍വ്വേ ഫലം.
ട്രംപിന്റെ എതിരാളിയായി കരുതുന്ന ഫ്ളോറിഡ സംസ്ഥാന ഗവര്‍ണര്‍ ഡിസാന്റിസ് ട്രംപിനു മുന്നില്‍ നിഷ്പ്രഭനാവുമെന്നു യുവ കണ്‍സര്‍വേറ്റീവ് വോട്ടര്‍മ്മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 25 ഞായറാഴ്ചയാണ് സര്‍വ്വേ ഫലം പുറത്തുവിട്ടത്. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്കു വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധമാണ് ബഹുഭൂരിപക്ഷം യുവ വോട്ടര്‍മാരും ട്രംപിനെ അനുകൂലിച്ചതെന്നു വ്യക്തമായി.
78.7 ശതമാനം വോട്ടര്‍മാരും ട്രംപിനെ പിന്തുണച്ചപ്പോള്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്നു ട്രംപിനു കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന ഡിസാന്റിസിനെ വെറും 19 ശതമാനം വോട്ടര്‍മാരാണ് പിന്തുണച്ചത്.
മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ (0.5), ടെഡ് ക്രൂസ്, നിക്കഹേലി, മൈക്ക് പെന്‍സ് എന്നിവരെ 0.3 ശതമാനം മാത്രമാണ് പിന്തുണച്ചത്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ അടുത്തുവരുന്തോറും വിവിധ തലങ്ങളില്‍നിന്നും ട്രംപിനു ലഭിക്കുന്ന പിന്തുണ വര്‍ദ്ധിച്ചു വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തില്‍ നിരാശരായ അമേരിക്കന്‍ ജനത ട്രംപിനെ ഒരിക്കല്‍ കൂടി പരിഗണിക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ചില തെറ്റുകള്‍ ട്രംപിനു സംഭവിച്ചിട്ടുണ്ടെങ്കിലും തന്റേടമുള്ള രാഷ്ട്ര നേതാവെന്ന പ്രതീതി യു.എസ്. വോട്ടര്‍മാര്‍ക്കിടയില്‍ ശക്തി പ്രാപിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .

