ഗാസ സിറ്റിയില്‍ യിസ്രായേലിന്റെ വ്യോമാക്രമണത്തില്‍ പലസ്തീന്‍ ക്രിസ്ത്യന്‍ മാതാവും മകളും കൊല്ലപ്പെട്ടു
ഗാസ സിറ്റിയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ യിസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീന്‍ ക്രിസ്ത്യന്‍ മാതാവും മകളും കൊല്ലപ്പെട്ടു.
ഗാസയിലെ ഹോളി ഫാമിലി ചര്‍ച്ചുമായി ബന്ധപ്പെട്ട ഒരു ഷെല്‍ട്ടറില്‍ ഇടവകക്കാരെയും കുടിയിറക്കപ്പെട്ടവരെയും സേവിച്ചവരാണ് ഇരുവരുമെന്ന് ചര്‍ച്ചിന്റെ മേല്‍നോട്ടം വഹിക്കുന്ന ഒരു പലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആക്രമണത്തില്‍ 5 പേരാണ് മരിച്ചത്. ഇതില്‍ മെയ്സ ഖാദിര്‍ ഇബ്രാഹിം അബു ദാവൂദ് മകള്‍ മേരി ഹാഫിസ് മൈക്കിള്‍ എന്നിവരാണ് കൊല്ലപ്പെട്ട ക്രിസ്ത്യാനികള്‍.
ഞങ്ങള്‍ മുസ്ളീങ്ങളാണ് ഇവര്‍ ഞങ്ങളുടെ ക്രിസ്ത്യന്‍ സഹോദരങ്ങളാണ്. അവര്‍ ഒരു കാര്യത്തിലും ഏര്‍പ്പെടുന്നില്ല. അവര്‍ സമാധാനപരമായ ആളുകളാണ് എല്ലാവരും.
ഞങ്ങള്‍ അവരെ സ്നേഹിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഗാസ സിറ്റി നിവാസിയായ അഹമ്മദ് പറഞ്ഞു.
മെയ്സയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം മരിച്ചു. മേരിയെക്കൂടാതെ രണ്ട് സഹോദരങ്ങളുമുണ്ട്. ഒരാള്‍ വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നു. മറ്റൊരാള്‍ ജര്‍മ്മനിയിലും.
ഇരുവരും വളരെക്കാലമായി തങ്ങളുടെ അമ്മയെയും സഹോദരിയെയും ഗാസയില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അതിനമിടയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
ഗാസയിലെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ചെയര്‍മാനായ ഭീകരന്‍ അലി അഹമ്മദ് അല്‍ അമൂദിയെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഐഡിഎഫും വ്യക്തമാക്കി.

