യെഹൂദ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ക്രൈസ്തവ ആരാധനാലയം വീണ്ടും തുറന്നു

Breaking News Middle East Top News

യെഹൂദ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ക്രൈസ്തവ ആരാധനാലയം വീണ്ടും തുറന്നു
ഗലീല: വടക്കന്‍ യിസ്രായേലില്‍ യെഹൂദ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ക്രൈസ്തവ ആരാധനാലയം 20 മാസത്തിനുശേഷം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു.

 

ഗലീല കടലിനു സമീപം താബ്ഗയിലെ ചര്‍ച്ച് ഓഫ് ദി ലോവ്സ് ആന്‍ഡ് ഫിഷസ് ആരാധനാലയമാണ് ഫെബ്രുവരി 12-ന് ഞാറാഴ്ച രാവിലെ തുറന്നു വീണ്ടും ആരാധന നടത്തിയത്. യേശു 5 അപ്പവും 2 മീനും കൊണ്ട് 5000 പുരുഷാരത്തെ പോഷിപ്പിച്ച സ്ഥലം എന്നു കരുതുന്ന ഈ പ്രദേശത്തു, പില്‍ക്കാലത്തു ക്രൈസ്തവര്‍ നിര്‍മ്മിച്ച ആരാധനാലയമാണിത്.

 

വളരെ ചരിത്ര പ്രാധാന്യമുള്ള ഈ ആരാധനാലയം 2015 ജൂണില്‍ ചില യെഹൂദ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് യാനോന്‍ റുമേനി, യെഹൂദ അസ്റഫ് എന്നീ രണ്ടു യുവാക്കളെ 2015 ജൂലൈ 29-നു കുറ്റക്കാരായി മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. ആക്രമിക്കപ്പെട്ട ചര്‍ച്ച് ഹാളിനുള്ളിലെ ഫര്‍ണീച്ചറുകളും, വാതിലുകളും, ജനാലകളും പൂര്‍ണ്ണമായി കത്തിയമര്‍ന്നിരുന്നു. വന്‍ നാശനഷ്ടമുണ്ടായ ഈ സംഭവത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍നിന്നു വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

ഇതിനെത്തുടര്‍ന്നു യിസ്രായേല്‍ ഭരണകൂടംതന്നെ ഇടപെടേണ്ടി വന്നു. യിസ്രായേല്‍ സര്‍ക്കാര്‍ ചര്‍ച്ച് ഹാളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തുകയും അനുവദിച്ചിരുന്നു. ഏകദേശം 4 ലക്ഷം ഡോളര്‍ അതിനുവേണ്ടി ചിലവഴിക്കേണ്ടിവന്നു.

 

ഏറെക്കുറെ പഴയ രീതിയില്‍ത്തന്നെ പുനര്‍ നിര്‍മ്മിച്ച ആലയം യിസ്രായേല്‍ പ്രസിഡന്റ് റൂവേന്‍ റിവ്ലിനും ഭാര്യയും ഉള്‍പ്പെടെ നിരവധി ക്രൈസ്തവ സഭാ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ഞായറാഴ്ച പുനഃപ്രതിഷ്ഠിക്കുകയായിരുന്നു. അതോടൊപ്പം സഭാ ആരാധനയും നടത്തി. രാജ്യത്ത് ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ക്കെതിരെ ആക്രമണം നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും ക്രൈസ്തവരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നും പ്രസിഡന്റ് റിവ്ലിന്‍ പറഞ്ഞു.

 

ക്രൈസ്തവ ആരാധനാലയം ആക്രമിക്കപ്പെട്ടത് യിസ്രായേലിനെ മൊത്തത്തില്‍ ആക്രമിക്കുന്നതിനു തുല്യമാണെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അന്ന് പ്രതികരിച്ചിരുന്നു. വര്‍ഷങ്ങളായി ചില തീവ്രവാദികളായ യെഹൂദന്മാര്‍ പല സ്ഥലങ്ങളിലും ഇതുപോലെ ക്രൈസ്തവരെ ആക്രമിച്ചിട്ടുണ്ട്.

1 thought on “യെഹൂദ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ക്രൈസ്തവ ആരാധനാലയം വീണ്ടും തുറന്നു

Leave a Reply

Your email address will not be published.