യുക്രൈന്‍ അഭയാര്‍ത്ഥികളെ സംരക്ഷിച്ച് പോളണ്ടിലെ പെന്തക്കോസ്തുകാര്‍

യുക്രൈന്‍ അഭയാര്‍ത്ഥികളെ സംരക്ഷിച്ച് പോളണ്ടിലെ പെന്തക്കോസ്തുകാര്‍

Breaking News Europe

യുക്രൈന്‍ അഭയാര്‍ത്ഥികളെ സംരക്ഷിച്ച് പോളണ്ടിലെ പെന്തക്കോസ്തുകാര്‍

വാര്‍സോ: റഷ്യയുടെ ആക്രമണത്തില്‍നിന്നും ജീവനെ ഭയന്ന് പോളണ്ടില്‍ അഭയം തേടിയ പതിനായിരക്കണക്കിനു ആളുകളെ കണ്ടെത്തി അവര്‍ക്ക് സഹായവും സംരക്ഷണവും നല്‍കി യഥാര്‍ത്ഥ ക്രൈസ്തവ സ്നേഹം പങ്കുവെയ്ക്കുകയാണ് പോളണ്ടിലെ പെന്തക്കോസ്തു സമൂഹം.

തങ്ങളുടെ കണ്‍മുമ്പില്‍ സഹജീവികള്‍ റഷ്യന്‍ ആക്രമണങ്ങളില്‍ ചിന്നിച്ചിതറുകയും പിടഞ്ഞു വീഴുകയും, സര്‍വ്വതും നശിച്ചു പോകുന്നതും ഭീതിയോടെ കണ്ടു പ്രാണരക്ഷാര്‍ത്ഥം അന്യ രാജ്യങ്ങളിലേക്ക് അഭയം തേടിയ ലക്ഷക്കണക്കിനു ആളുകളില്‍ നല്ലൊരു ശതമാനം പേരും പോളണ്ടിലാണ് വന്നു ചേര്‍ന്നത്.

യുദ്ധത്തിന്റെ ആദ്യ ദിനങ്ങളില്‍ അതിര്‍ത്തി കടന്ന് പോളണ്ടിലേക്ക് കാലുകുത്തിയവരെ സ്വീകരിക്കാന്‍ പോലീസോ ഭരണകൂടമോ മറ്റു സംഘടനകളോ തയ്യാറായിരുന്നില്ല. എന്നാല്‍ പകച്ചുപോയ മനുഷ്യ ജീവിതങ്ങളെ സഹായിക്കുവാന്‍ ആദ്യം മുന്നിട്ടിറങ്ങിയ സമൂഹം ദി പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് പോളണ്ടിലെ അംഗങ്ങളായ വിശ്വാസികളാണ്.

സഭയുടെ നേതാവ് പാസ്റ്റര്‍ മാരേക് കമിന്‍സ്കിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനു പാസ്റ്റര്‍മാരും ആയിരക്കണക്കിനു വിശ്വാസികളും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആശയറ്റ് അലഞ്ഞ അഭയാര്‍ത്ഥികളെ തേടിപ്പിടിച്ച് കണ്ടെത്തി അവര്‍ക്ക് അടിയന്തിര സഹായങ്ങളും മറ്റും നല്‍കി ക്രമേണ അവരെ ഉള്ള പരിമിതികളില്‍ താമസിപ്പിച്ച് സംരക്ഷിച്ച് വരികയായിരുന്നു.

രാജ്യത്തെ 38 മില്യണ്‍ പോളിഷ് ജനതയില്‍ പോളിഷ് സുവിശേഷ വിഹിത സഭക്കാര്‍ 60,000ത്തില്‍ താഴെയും ചര്‍ച്ചുകള്‍ 600 ഉം ആണ്. ഇതില്‍ പ്രധാനപ്പെട്ട സഭ ദി പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് പോളണ്ടാണ്. സഭയ്ക്ക് 275 ഓളം ചര്‍ച്ചുകളുണ്ട്. വലിയ സമ്പന്നരൊന്നുമല്ലാത്ത പെന്തക്കോസ്തുകാരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.

വലിയ സമ്പാദ്യങ്ങളും ഇവര്‍ക്കില്ല. എന്നാല്‍ ക്രിസ്തുവിങ്കലുള്ള അമിത വിശ്വാസവും ദൈവസ്നേഹവും മൂലം ഇവര്‍ ആത്മീക സമ്പന്നരാണ്. അധികം വാഹനങ്ങളോ ഒന്നുമില്ലാത്ത ഇവര്‍ ഉള്ള വരുമാനത്തിനുള്ളില്‍ നിന്നുകൊണ്ട് അഭയാര്‍ത്ഥി സമൂഹത്തിനുവേണ്ടി ആഹാരവും വസ്ത്രങ്ങളും മരുന്നുകളും താമസിക്കാന്‍ അഭയ കേന്ദ്രങ്ങളുമൊരുക്കിയിരിക്കുന്നു.

ചിലയിടങ്ങളില്‍ പ്രത്യേക ഷെല്‍ട്ടറുകള്‍ പണി കഴിപ്പിച്ചു. ദൈവം അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ഞങ്ങളുടെ ഇടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് പാസ്റ്റര്‍ മാരേക് കമിന്‍സ്കി പറയിന്നു. പോളണ്ടിലെ ജനവിഭാഗങ്ങള്‍ 87.6 ശതമാനം കത്തോലിക്കരാണ്.