Sunday, April 19, 2026

യേശുവിന്‍റെ കല്ലറ തുറന്നു

Breaking News Middle East Top News
ജറുസലേം: യേശുക്രിസ്തുവിന്‍റേതെന്ന് കരുതപ്പെടുന്ന കല്ലറ നൂറ്റാണ്ടുകള്‍ക്കുശേഷം ഗവേഷണങ്ങള്‍ക്കായി തുറന്നു.
പുരാതന ജറുസലേമിലെ പുനരുത്ഥാനപള്ളിയിലാണ് കല്ലറ സ്ഥിതിചെയ്യുന്നത്.
ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നത്.
കുരിശുമരണത്തിനുശേഷം യേശുവിനെ ഗുഹയിലടക്കിയെന്നും മൂന്നാം ദിവസം അദ്ദേഹം ശരീരത്തോടെ ഉയിര്‍ത്തെഴുന്നേറ്റു എന്നുമാണ് ക്രിസ്തുമതവിശ്വാസം. എ.ഡി. 326-ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്‍റെ അമ്മ ഹെലേനയാണ് കല്ലറ കണ്ടെത്തുന്നത്.
തീപ്പിടിത്തത്തില്‍ നശിച്ച കല്ലറ 1808-1810 കാലഘട്ടത്തില്‍ പുനരുദ്ധരിച്ചു.
1555 എ.ഡി. മുതല്‍ കല്ലറയെ പൊതിഞ്ഞ് മാര്‍ബിള്‍ ആവരണം ഉള്ളതായി കണക്കാക്കപ്പെടുന്നു. കല്ലറയുടെ മാര്‍ബിള്‍ ആവരണം നീക്കിയ പര്യവേക്ഷകസംഘത്തെ അതില്‍ അടക്കംചെയ്തിരിക്കുന്ന വസ്തുക്കളുടെ അളവ് അത്ഭുതപ്പെടുത്തി. യേശുവിനെ കിടത്തിയതായി കരുതുന്ന പ്രതലം ശാസ്ത്രീയപഠനങ്ങള്‍ക്ക് വിധേയമാക്കും. കല്ലറയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഠനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
കല്ലറയുടെ ഉള്ളറരഹസ്യങ്ങള്‍ മാത്രമല്ല പര്യവേക്ഷകര്‍ തിരയുന്നത്. ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്‍റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ഗവേഷണമേഖലയാണ്.
നിലവില്‍ ആറു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് പുനരുത്ഥാനപള്ളി. ഇതില്‍ പ്രമുഖരായ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, റോമന്‍ കത്തോലിക്ക, അര്‍മേനിയന്‍ സഭകളാണ് 2015-ല്‍ ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയെ പര്യവേക്ഷണത്തിനായി ക്ഷണിച്ചത്.
2017-ഓടെ ഗവേഷണം പൂര്‍ത്തിയാക്കി കല്ലറ പുതുക്കിപ്പണിയും.
ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും വേള്‍ഡ് മൊണ്യൂമെന്റ്‌സ് ഫണ്ടും ഗവേഷണത്തിന് ധനസഹായം നല്‍കും.
നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ പര്യവേക്ഷണദൃശ്യങ്ങള്‍ ലോകപൈതൃക സംരക്ഷണത്തിന്റെ ഭാഗമായി അടുത്തമാസം സംപ്രേഷണം ചെയ്യും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.