യേശുവിനെ സംസ്ക്കരിക്കുവാന്‍ കിടത്തിയെന്നു കരുതുന്ന കല്പ്പലക പുറത്തെടുത്തു
യെരുശലേം: യേശുക്രിസ്തുവിനെ കുരിശു മരണത്തിനുശേഷം കിടത്തിയെന്നു കരുതുന്ന കല്പ്പലക നൂറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി പുറത്തെടുത്തു.
യേശുവിന്റെ ജഡം സംസ്ക്കരിച്ച സ്ഥലത്ത് പണിതുയര്‍ത്തിയ ഹോളി സെപ്പല്‍ക്കര്‍ പള്ളിയിലാണ് കല്പ്പലക സൂക്ഷിച്ചിരുന്നത്.
എഡി 1555-ല്‍ ഇത് മാര്‍ബിള്‍ പെട്ടിയിലേക്കു മാറ്റുകയായിരുന്നു.
ക്രൂശു മരണത്തിനുശേഷം ഗുഹയിലായിരുന്നു യേശുവിന്റെ ശരീരം അടക്കിയത്.
പിന്നീട് ഇവിടം “ചെറിയ ഭവനം” എന്നര്‍ത്ഥമുള്ള “എഡികുള” എന്നറിയപ്പെട്ടു.
ക്രൈസ്തവര്‍ പീന്നീട് ഈ സ്ഥാനത്ത് പള്ളി പണിയുകയും അലങ്കാരങ്ങള്‍ ചേര്‍ക്കുകയുമായിരുന്നു.
ഈ പള്ളി, കത്തോലിക്കാ , ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മീനിയന്‍ സഭകളുടെ നിയന്ത്രണത്തിലാകുകയായിരുന്നു. ഏതന്‍സിലെ നാഷണല്‍ ടെക്നിക്കല്‍ സര്‍വ്വകലാശാലയ്ക്കാണ് പള്ളി അറ്റകുറ്റപ്പണിയുടെ ചുമതല ഏല്‍പ്പിച്ചത്.
പ്രൊഫ. ആന്റോണിയ മൊറോ പൗലോയാണ് നേതൃത്വം നല്‍കിയത്.
വിവിധ യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളും തീര്‍ത്ത കേടുകള്‍ തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 26.8 കോടി രൂപയാണ് അറ്റകുറ്റപ്പണി പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കിടെയാണ് കല്പ്പലക പുറത്തെടുത്തത്. പണികള്‍ പൂര്ത്തിയായിക്കഴിയുമ്പോള് ഇതു വീണ്ടു മാര്‍ബിള്‍ പെട്ടിയിലേക്കു മാറ്റി പഴയ സ്ഥാനത്തുതന്നെ സൂക്ഷിച്ചു വെയ്ക്കും.

