യിസ്രായേലില്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ല, 45 സ്കൂളുകള്‍ അടച്ചു

Breaking News Middle East

യിസ്രായേലില്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നില്ല, 45 സ്കൂളുകള്‍ അടച്ചു
യരുശലേം: ക്രൈസ്തവര്‍ യഹൂദന്മാരെ ദൈവത്തിന്റെ വാഗ്ദത്ത സന്തതി എന്നു കരുതി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ‍, രാജ്യത്തെതന്നെ പൌരന്മാരായ ക്രൈസ്തവര്‍ക്കുപോലും തിരിച്ചു നീതി ലഭിക്കുന്നില്ലെന്നുള്ള സംഭവം ഏവരേയും വേദനിപ്പിക്കുന്നു.

 

യിസ്രായേല്‍ ഗവണ്മെന്റ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങളായ ക്രൈസ്തവരോടും, മുസ്ളീങ്ങളോടും കടുത്ത വിവേചനമാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. അതും നിഷ്ക്കളങ്കരായ സ്കൂള്‍ കുട്ടികളോട്. രാജ്യത്ത് 33,000 ക്രിസ്ത്യന്‍ കുട്ടികളുണ്ട്.

 

അവര്‍ക്കായി നിരവധി സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. ഇവിടെ പഠിക്കാനായി എല്ലാ വിഭാഗങ്ങളും വരുന്നുണ്ട്. സര്‍ക്കാര്‍ സ്കൂള്‍ ബജറ്റില്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ 45 ഓളം ക്രിസ്ത്യന്‍ സ്കൂളുകള്‍ അടച്ചിരിക്കുകയാണ്.

 

ഇവിടത്തെ 3000 അദ്ധ്യാപകര്‍ ഇനി ഭവനങ്ങളില്‍ വിശ്രമിക്കേണ്ടി വരും. രണ്ടു വര്‍ഷം മുമ്പു മുതല്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ക്കുള്ള സബ്സീഡി വെട്ടിക്കുറച്ചു വരികയാണ്. ഇപ്പോള്‍ പൂര്‍ണ്ണമായും ധന സഹായം നല്‍കുന്നില്ല. അദ്ധ്യാപകര്‍ക്ക് ശമ്പളം കിട്ടുന്നില്ല. യിസ്രായേലില്‍ ഇപ്പോള്‍ ഏകദേശം 1,60,000 ക്രൈസ്തവരുണ്ടെന്നാണ് കണക്ക്.

 

ഇവരില്‍ 14,000 പേര്‍ കിഴക്കന്‍ യെരുശലേമിലാണ്. രക്ഷകര്‍ത്താക്കള്‍ ഒരു വര്‍ഷം ഒരു കുട്ടിക്ക് 1,000 ത്തിലധികം ഡോളറാണ് ചെലവഴിക്കുന്നത്. ക്രൈസ്തവരുടെ പ്രതിഷേധത്തിനിടയില്‍ യിസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബന്നറ്റ് ക്രൈസ്തവ സഭാ നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. ഫണ്ടിനുള്ള വഴി കണ്ടെത്താമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.