ഐശ്വര്യം ഉണ്ടാകാനായി മകനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

Breaking News India

ഐശ്വര്യം ഉണ്ടാകാനായി മകനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍
റായ്ഗഡ്: കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകാനായി സ്വന്തം മകനായ പതിനാലുകാരനെ ബലി കഴിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഛത്തീസ്ഗഢിലെ റായ്ഗഡിലാണ് സംഭവം നടന്നത്. കൃത്യത്തിനുശേഷം ഒളിവില്‍ പോയ പിതാവ് രണ്‍ വിജയ് ഭാരതിയെ സ്വദേശമായ യു.പി.യിലെ അസംഗഡ് ജില്ലയില്‍നിന്നാണ് പോലീസ് പിടികൂടിയത്. ചന്ദന്‍ എന്ന മകനെയാണ് രണ്‍ വിജയ് ബലി നല്‍കിയത്.

 

കഴിഞ്ഞ ദിവസം റായ്ഗഡ് ജില്ലയിലെ ഗോര്‍ഖെ ഗ്രാമത്തില്‍ പതിനാലുകാരന്റെ ശിരസ്സില്ലാത്ത ശരീരം കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രണ്‍ വിജയ് പിടിയിലായത്. തന്റെ മകന്‍ ചന്ദനെ താന്‍ ബലി നല്‍കിയതായി ഇയാള്‍ പോലീസിനോട് സമ്മതിക്കുകയായിരുന്നു.

 

സംഭവസ്ഥലത്തുനിന്ന് ബലി കര്‍മ്മത്തിന് ഉപയോഗിച്ച വസ്തുക്കളും, മൂര്‍ച്ചയേറിയ ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഒഴിഞ്ഞ മദ്യക്കുപ്പികളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടിട്ടുണ്ട്. ജിന്‍ഡല്‍ സ്റ്റീല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന രണ്‍ വിജയ് പത്തു വര്‍ഷം മുമ്പാണ് റായ്ഗഡില്‍ താമസമാക്കിയത്.

 

പിന്നീട് ഇയാള്‍ കോണ്‍ട്രാക്ടറായി സ്വന്തം ജോലി ആരംഭിച്ചുവെങ്കിലും കനത്ത നഷ്ടത്തിലായിരുന്നു കലാശിച്ചത്. തന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കു കാരണം ചില ദുഷ്ടാത്മാക്കളാണെന്നു രണ്‍ വിജയ് വിശ്വസിച്ചിരുന്നു. ആ ഗ്രാമത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് മന്ത്രവാദം ചെയ്യുക പതിവാണ്. അങ്ങനെ ഇയാള്‍ പ്രശ്നം പരിഹരിക്കാനായി സ്വന്തം മകനെ ബലി കഴിക്കാന്‍ തീരുമാനിച്ചു.

 

സംഭവ ദിവസം രാത്രി മകനുമായി ഗോര്‍ഖെ ഗ്രാമത്തിനു സമീപമെത്തിയ രണ്‍ വിജയ് അവിടെവച്ച് കര്‍മ്മങ്ങള്‍ നടത്തിയ ശേഷം ചന്ദന്റെ ശിരസ്സ് അറുക്കുകയായിരുന്നു. രണ്‍ വിജയിന്റെ ആറു മക്കളില്‍ നാലാമനായിരുന്നു ചന്ദന്‍ ‍. കൊലപാതകത്തിനു മുമ്പ് ഭാര്യയേയും മറ്റു മക്കളേയും ഇയാള്‍ അസംഗഡിലേക്കു അയച്ചിരുന്നുവെന്ന് റായ്ഗഡ് പോലീസ് സൂപ്രണ്ട് സഞ്ജീവ് ശുക്ല പറഞ്ഞു. രണ്‍ വിജയിനെതിരെ 302, 201 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

 

ധനത്തിനും, ഐശ്വര്യത്തിനുമായി ഇന്നു മനുഷ്യന്‍ സ്വന്തം നില മറന്നു എന്തും ചെയ്യുന്ന കാലമാണ്. ഇത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബൈബിള്‍ വ്യക്തമാക്കിയിരുന്നു. “ചിലപ്പോള്‍ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു, അതിന്റെ അവസാനമോ മരണ വഴികള്‍ അത്രേ” (സദൃ. 16:25).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.