ഉപ്പ്, പഞ്ചസാര, കുപ്പിവെള്ളം എന്നിവയില്‍ പ്ളാസ്റ്റിക് അംശം; പായ്ക്കറ്റുകളില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി.
ചെന്നൈ: പായ്ക്ക് ചെയ്ത ഉപ്പ്, പഞ്ചസാര, കുപ്പി വെള്ളം എന്നിവയില്‍ മൈക്രോപ്ളാസ്റ്റിക്കുകളുടെ (അതീവ സൂഷ്മമായ പ്ളാസ്റ്റിക് കണികകള്‍) സാന്നിദ്ധ്യമുണ്ടാകാമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇത്തരം ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍ ചുവന്ന നിറത്തില്‍ വ്യക്തമായ മുന്നറിയിപ്പ് രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും എഫ്എസ്എസ്എഐയോടും കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസുമാരായ എന്‍ സത്യകുമാര്‍, ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ വെള്ളത്തില്‍ മൈക്രോ/ നാനോ പ്ളാസ്റ്റിക്കുകള്‍ അടങ്ങിയിരിക്കാം എന്നവ മുന്നറിയിപ്പ് പത്തു പോയിന്റ് വലിപ്പത്തിലുള്ള ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി.
ഉപ്പിന്റെയും പഞ്ചസാരയുടെയും പായ്ക്കറ്റുകളിലും സമാനമായ മുന്നറിയിപ്പ് വേണം. നാലാഴ്ചയ്ക്കകം ഇത് നടപ്പിലാക്കാന്‍ ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കണം.
പല പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പി വെള്ളത്തിലും ഉപ്പിലും മൈക്രോപ്ളാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തിയെന്ന ഗവേഷണ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു.
പ്ളാറ്റിക് കുപ്പികളിലും കവറുകളിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിനു ഗുരുതരമായ ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
മൈക്രോ പ്ളാസ്റ്റിക്കുകള്‍ മനുഷ്യന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും കുട്ടികളുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും ആരോഗ്യത്തിനു ദോഷകരമാണെന്നും പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

