നമുക്ക് കിട്ടുന്ന തെര്‍മല്‍ പേപ്പര്‍ ബില്ലുകള്‍ മാരക അപകടകാരികള്‍

നമുക്ക് കിട്ടുന്ന തെര്‍മല്‍ പേപ്പര്‍ ബില്ലുകള്‍ മാരക അപകടകാരികള്‍

Breaking News Health

നമുക്ക് കിട്ടുന്ന തെര്‍മല്‍ പേപ്പര്‍ ബില്ലുകള്‍ മാരക അപകടകാരികള്‍

വ്യാപാര സ്ഥാപനങ്ങളില്‍നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം നമുക്കു കിട്ടുന്ന ബില്ലുകള്‍ പ്രിന്റു ചെയ്ത തെര്‍മല്‍ പേപ്പറിലാണ്. ഇത് മിനുസവും തിളക്കവുമുള്ള പേപ്പറാണ്.

പല ഷോപ്പിംഗ് മാളുകളിലും കടകളിലും ഉപയോഗിക്കുന്ന ബില്‍ പേപ്പറില്‍ ബിസ്ഫെനോള്‍ എസ് (ബിപിഎസ്) ബിസ്ഫെനോള്‍ എ (ബിപിഎ) എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍.

ഈ രാസ വസ്തുക്കള്‍ മനുഷ്യ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പലരും ഇത്തരത്തില്‍ കിട്ടുന്ന ബില്ലുകള്‍ പഴ്സിലോ ബാഗിലോ സൂക്ഷിച്ചു വയ്ക്കാറുണ്ട്.

ഇതില്‍ വിഷാംശം അടങ്ങിയ രാസ വസ്തുക്കള്‍ നമ്മുടെ ശരീരത്തെ ബാധിക്കുന്നു.

യുഎസിലെ 22 ഓളം സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 80 ശതമാനം ബില്‍ പേപ്പറിലും ബിസ്ഫെനോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പരിസ്ഥിതി ആരോഗ്യ സംഘടനയായ ഇക്കോളജി സെന്റര്‍ 2023-ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മക്ഡൊണാള്‍ഡ് പോലുള്ള ഭക്ഷണ ശാലകളിലും വാള്‍മാര്‍ട്ട് പോലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലും ഉപയോഗിക്കുന്ന ബില്‍ പേപ്പറില്‍ ബിപിഎയും ബിപിഎസും അടങ്ങിയിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

പ്ളാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ അല്ലെങ്കില്‍ പോളി കാര്‍ബണേറ്റ് പ്ളാസ്റ്റിക് എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും ഹാനികരമായ രാസവസ്തുക്കളില്‍ ഒന്നാണ് ബിസ്ഫെനോള്‍. ഇത് ചര്‍മ്മത്തിലൂടെ ശരീരത്തിനുള്ളിലേക്ക് വേഗം പ്രവേശിക്കുകയും ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വലിയ കമ്പനികള്‍ മാത്രമല്ല ചില്ലറ വ്യാപര സ്ഥാപനങ്ങളില്‍വരെ ഉപയോഗിക്കുന്ന ബില്‍ പേപ്പറില്‍ ബിസ്ഫെനോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ചര്‍മ്മത്തിലേക്ക് പെട്ടന്നു തന്നെ പ്രവേശിക്കുന്ന ഒരു രാസ വസ്തുവാണ് ബിസ്ഫെനോള്‍. ഇത് വളരെ കൂടിയ അളവില്‍ കടകളില്‍നിന്നും ലഭിക്കുന്ന ബില്‍ പേപ്പറുകളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ പേപ്പറുകളില്‍ സ്പര്‍ശിക്കുന്നതു മൂലം രക്തത്തില്‍ ബിപിഎയുടെ അളവ് കൂടുന്നു. ഇത് ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രത്യുല്‍പ്പാദനക്കുറവ് തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ മിക്ക വ്യക്തികളുടെയും മൂത്രത്തില്‍ ഈ രാസവസ്തുവിന്റെ അംശം ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ബിസ്ഫെനോള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബില്‍ പേപ്പറുകള്‍ വാഷിംഗ്ടണ്‍ നിയമവിരുദ്ധമാക്കിയിരുന്നു.

2025-ഓടെ ഇത് നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാന്‍സ്, ക്യാനഡ, ബേല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ ചില രാജ്യങ്ങളില്‍ ബിപിഎ നിരോധിച്ചിട്ടുണ്ട്.

കടകളില്‍നിന്നും ലഭിക്കുന്ന ഇത്തരം ബില്‍ പേപ്പറുകള്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം വാങ്ങുക. വാങ്ങിയാല്‍ കൈകള്‍ കഴുകി വൃത്തിയാക്കുക.