ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നവരുടെ പട്ടികയില്‍ പാക്കിസ്ഥാനും

Asia Breaking News

ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നവരുടെ പട്ടികയില്‍ പാക്കിസ്ഥാനും
വാഷിംഗ്ടണ്‍ ‍: ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയതായി അമേരിക്ക.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നതാണെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.

പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍സ്, അഹമ്മദീസ് ഉള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന പീഢനങ്ങളെക്കുറിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ദീര്‍ഘകാലമായി ആശങ്ക അറിയിച്ചിട്ടുണ്ടെന്നും പോംപിയോ വ്യക്തമാക്കി. ലോകമെമ്പാടും നിരവധി സ്ഥലങ്ങളില്‍ ചിലരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചാണ് വ്യക്തികള്‍ ആക്രമിക്കപ്പെടുന്നതെന്നും പോംപിയോ പറഞ്ഞു.

പാക്കിസ്ഥാനെ കൂടാതെ ചൈന, എറിത്രിയ, ഇറാന്‍ ‍, മ്യാന്‍മര്‍ ‍, വടക്കന്‍ കൊറിയ, സൌദി അറേബ്യ, സുഡാന്‍ ‍, തജിക്കിസ്ഥാന്‍ ‍, ടര്‍ക്ക് മെനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളും അമേരിക്കയുടെ കരിമ്പട്ടികയില്‍ പെടുന്ന രാഷ്ട്രങ്ങളാണ്. നേരത്തെ ഉസ്ബക്കിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉണ്ടായിരുന്നു എന്നാല്‍ ഈ രാജ്യത്തെ ഇതില്‍നിന്നു നീക്കി. ഇപ്പോള്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട രാജ്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ വീട്ടമ്മ അസിയ ബീബിക്കു വിധിച്ച വധശിക്ഷ കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി റദ്ദു ചെയ്തിരുന്നു. 8 വര്‍ഷമായി ജയിലില്‍ നരകയാതന അനുഭവിച്ച അസിയ ജയില്‍ മോചിതയായപ്പോള്‍ പാക്കിസ്ഥാനില്‍ മതമൌലിക വാദികള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. അസിയായ്ക്കും കുടുംബത്തിനുമെതിരെ അപായനീക്കം നടന്നു വരികയാണ്.