രാസവസ്തുക്കളുടെ അളവ് കൂടുതലെന്ന്; നാനൂറിലധികം ഭക്ഷ്യവസ്തുക്കള്‍ യൂറോപ്യന്‍ യൂണിയന്‍ തിരിച്ചയച്ചു
ഇന്ത്യ കയറ്റുമതി ചെയ്ത നാനൂറിലധികം ഭക്ഷ്യവസ്തുക്കള്‍ രാസവസ്തുക്കളുടെ അളവ് കൂടുതലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ തിരിച്ചയച്ചുവെന്നു റിപ്പോര്‍ട്ട്.
2019-നും 24-നും ഇടയിലാണ് ഇത് നടന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അര്‍ബുദത്തിനു കാരണമാകുന്ന എഥിലിന്‍ ഓക്സൈഡ് ഇന്ത്യയില്‍നിന്നും കയറ്റുമതി ചെയ്ത 527 ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഇയുവിലെ അംഗരാജ്യങ്ങള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അവയവങ്ങളെ ദോഷകരമായി ബാധിക്കുന്ന 14 ഉല്‍പ്പന്നങ്ങള്‍ ഇതില്‍ പെടുന്നുണ്ട്. മത്സ്യത്തിലും മറ്റ് ചില ഭക്ഷ്യവസ്തുക്കളിലും നിന്ന് മെര്‍ക്കുറി കാഡ്മിയം തുടങ്ങിയ ലോഹങ്ങളും നീരാവി, കണവ അടക്കമുള്ള 21 ഉല്‍പ്പന്നങ്ങളില്‍ കാഡ്മിയവും കണ്ടെത്തി.
ഇത് വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും.
കാന്‍സറിന് കാരണമാകുന്ന കീടനാശനികള്‍ 59 ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അരി, കറിമസാല, ഔഷധ സസ്യങ്ങള്‍ എന്നിവയില്‍ ട്രൈസൈക്ളസോള്‍ എന്ന രാസവസ്തു കണ്ടെത്തി.
അര്‍ബുദം വരാനും ജനിത ഘടനയെ നശിപ്പിക്കാനും കാരണമാകുന്നതുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ ട്രൈസൈക്ളസോള്‍ നിരോധിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍നിന്നും കയറ്റി അയച്ച 52 ലധികം ഉല്‍പ്പന്നങ്ങളില്‍ ഒന്നിലധികം കീടനാശിനികളും കുമിള്‍ നാശിനികളും കണ്ടെത്തിയിട്ടുണ്ട്. ചിലതില്‍ ഇത് അഞ്ചിലധികം വരും.