സ്വര്‍ഗ്ഗീയ ദാംനം നിലിര്‍ത്തണം

Editorials

സ്വര്‍ഗ്ഗീയ ദാംനം നിലിര്‍ത്തണം
“ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ട് സ്വര്‍ഗ്ഗീയ ദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവര്‍ പിന്മാറിപ്പോയാല്‍ …….”. (എബ്രായര്‍ 6:4….). ഈ ലേഖന കര്‍ത്താവ് ഒരുവന്റെ പിന്മാറ്റത്തിനുശേഷമുള്ള അവസ്ഥ വിവരിക്കുകയാണ് ഇവിടെ.

 

പിന്മാറ്റക്കാരെ മടക്കിക്കൊണ്ടുവരിക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പ്രസ്താവിക്കുകകൂടിയാണ് ഈ വാക്യത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ എബ്രായ സഭയില്‍ പിന്മാറ്റക്കാര്‍ ധാരാളമുണ്ടായിരുന്നു. ഇന്നും ദൈവസഭയില്‍ ഇത്തരക്കാര്‍ പെരുകുന്നു. നമ്മുടെ രക്ഷയും അതിന്റെ ഉറവിടവും സ്വര്‍ഗ്ഗത്തില്‍നിന്നാണ്, അതുമാത്രമല്ല കര്‍ത്താവായ യേശുക്രിസ്തുവില്‍ക്കൂടി ലഭിച്ച രക്ഷ സ്വര്‍ഗ്ഗീയ ദാനമാണ്.

സ്വര്‍ഗ്ഗോന്നതങ്ങളില്‍നിന്നും ഇറങ്ങി താണലോകത്തിലേക്കു വന്ന യേശുവില്‍ക്കൂടി ലഭിച്ച ഈ രക്ഷ മാനവരാശിക്ക് ലഭിച്ച ഏറ്റവും വലിയ ദാനമാണ്. അത് നാം ആരും വിലകൊടുത്ത് വാങ്ങിയതല്ല. യേശുക്രിസ്തുവിന്റെ നിര്‍ദ്ദോഷവും നിഷ്ക്കളങ്കവുമായ രക്തം വിലകൊടുത്ത് നമുക്ക് രക്ഷ നല്‍കി. ആ രക്ഷയുടെ മാധുര്യം അനുഭവിച്ചവരാണ് ആത്മാവിലും സത്യത്തിലും കര്‍ത്താവിനെ ആരാധിക്കുന്ന നാം ഓരോരുത്തരും.

 

ഈ അനുഭവത്തില്‍നിന്നും നാം പിന്മാറിപ്പോയാല്‍ നമ്മുടെ ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടം തന്നെ ആയിരിക്കും. ഈ ലോകത്ത് നാം അധഃപതിക്കുവാനിടയാകും. അങ്ങനെ സംഭവിക്കാതിരിക്കുവാനാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ ദൈവവചനത്തിലൂടെ ഓര്‍പ്പിക്കുന്നത്. ദൈവവചനം നാം ആഴമായി മനസ്സിലാക്കി അതിന്റെ ഗൌരവത്തോടെതന്നെ കണ്ടുകൊണ്ട് ജീവിച്ചാല്‍ നമുക്ക് നഷ്ടമല്ല ലാഭം തന്നെയാണ് ഉണ്ടാവുക.
ഇന്ന് ദൈവസഭയില്‍നിന്ന് വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് പലരും പിന്മാറി പോകുന്നു. സഭാ ശുശ്രൂഷകരോട് പിണങ്ങിയും വീട്ടുകാരോടും സഭക്കാരോടും മത്സരിച്ചും സഭായോഗങ്ങളില്‍ പങ്കെടുക്കാതെയും വീടുകളില്‍ സമയം ചിലവഴിക്കുന്നവര്‍ അനേകരാണ്. ഇവര്‍ പിന്മാറ്റക്കാര്‍ തന്നെയാണ്. ഭൌതിക നന്മകളുടെയും, ഭൌതിക വിഷയങ്ങളുടെയും പേരിലാണ് ഭൂരിപക്ഷവും പിന്മാറ്റത്തില്‍ പോകുന്നത്. വിലകൊടുക്കാതെ സൌജന്യമായി പ്രാപിച്ച രക്ഷ അലസതയോടെ കാണുന്ന സമൂഹമാണിന്ന്.

 

ഓര്‍ക്കുക ഇത് നിങ്ങള്‍ക്ക് നാശഹേതുവായേക്കാം. ആത്മീയ ജീവിതത്തിനു പ്രാധാന്യം നല്‍കാതെ കേവലം ഭൌതീക കാര്യങ്ങള്‍ക്കു മാത്രം മുന്‍ഗണന നല്‍കി സഭായോഗങ്ങളെ അവഗണിച്ചു മുന്നോട്ടു പോയാല്‍ ക്രിസ് ത്യാനി എന്ന നാമത്തില്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. പിന്നീട് ഒരു മടങ്ങിവരവ് അസാദ്ധ്യമായേക്കാം. നമ്മെ തകര്‍ക്കുവാന്‍ ലക്ഷ്യം വയ്ക്കുന്ന സാത്താന്റെ തന്ത്രങ്ങളില്‍ അകപ്പെട്ട് കഴിഞ്ഞാല്‍ ഒരു മടങ്ങിവരവ് എളുപ്പമാവില്ല.

 

ഒരു വ്യക്തി യഥാര്‍ത്ഥമായ ക്രിസ്തു വിശ്വാസത്തിലേക്കു കടന്നു വരുവാന്‍ വളരെയ പ്രയാസമാണ്. ആ വ്യക്തി കാണിക്കുന്ന മനോഭാവമാണ് തടസ്സമായി നില്‍ക്കുന്നത്. അങ്ങനെ വിശ്വാസത്തിലേക്കു കടന്നുവന്നു കഴിഞ്ഞാല്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും ദൈവസന്നിധിയില്‍നിന്നും അകലാന്‍ പ്രയാസമില്ല. കാരണം സാത്താന്റെ തന്ത്രം അത്രയ്ക്കു വലുതാണ്. ഇതു മനസ്സിലാക്കിവേണം ദൈവമക്കള്‍ ജീവിക്കുവാന്‍. നമ്മെ ദൈവസന്നിധിയില്‍നിന്നും പറിച്ചു കളയുവാന്‍ സാത്താന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ആ ശ്രമത്തെ നാം തന്നെ പരാജയപ്പെടുത്തണം. നാം യഥാര്‍ത്ഥ ദൈവവിശ്വാസിയായി നിലനില്‍ക്കണം.
ഷാജി.എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.