ക്ലാസ്സ് മുറിയിലേക്കു കയറും മുമ്പ്

Editorials

ക്ലാസ്സ് മുറിയിലേക്കു കയറും മുമ്പ്
പുത്തന്‍ വസ്ത്രങ്ങളും പഠന സാമഗ്രികളുമായി പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ അവരവരുടെ ക്ലാസ്സ് മുറികളിലേക്കു പോകുവാന്‍ തയ്യാറായി നില്‍ക്കുകയാണ്. പുഞ്ചിരി തൂകിയ മുഖവുമായി വീണ്ടും അവര്‍ തങ്ങളുടെ പ്രീയ കൂട്ടുകാരുടെ മദ്ധ്യത്തിലേക്കു ആനയിക്കപ്പെടുന്നു. രണ്ടുമാസം അവധിക്കാലം നന്നായി ആഘോഷിച്ച കുരുന്നുകള്‍ ഇനി തങ്ങളുടെ ഭാവി ജീവിതത്തെ കരുപ്പിടിപ്പിക്കുവാനുള്ള അഭ്യസനത്തിലാണ്.

 

പഴയ കാലത്തെ കലാലയ അനുഭവങ്ങളല്ല ഇന്നത്തേത്. പുത്തന്‍ സാങ്കേതിക വൈദഗ്ദ്ധ്യങ്ങള്‍ നാടിനെ മാറ്റി മറിച്ചിരിക്കുന്നു. പണ്ട് സ്കൂളില്‍ പോകുന്ന കുട്ടികളുടെ കൈവശം അവര്‍ക്കുള്ള അത്യാവശ്യം പഠന സാമഗ്രികളും ഭക്ഷണവും കുടയും മാത്രമായിരുന്നുവെങ്കില്‍ ഇന്ന് കഥ മാറി. അവരുടെ പോക്കറ്റുകളില്‍ ആയിരങ്ങള്‍ വിലയുള്ള മൊബൈല്‍ ഫോണുകളും സഞ്ചരിക്കുവാന്‍ വിലകൂടിയ സൈക്കിളും ദൂരെ സ്ഥലങ്ങളിലാണ് സ്കൂളുകളെങ്കില്‍ വീട്ടുമുറ്റത്ത് വാഹനങ്ങളും വന്നു പോകുന്നു. സ്കൂള്‍ ജീവിതം ഒരു പുതുമയല്ലാതായിരിക്കുന്നു. എല്ലാറ്റിനും കാരണം പണ്ടത്തെപ്പോലുള്ള ദാരിദ്ര്യവും ബുദ്ധിമുട്ടുകളും ഇന്ന് ഇല്ലാത്തതാണ്.

 

ഇന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയാണ് ഏവരുടെയും ലക്ഷ്യം. പരാജയപ്പെടുന്നവര്‍ ചുരുക്കം പേര്‍ മാത്രം. എല്ലാവരും അഭ്യസ്ഥ വിദ്യരാകുന്നു. അറിവും പരിജ്ഞാനവും നമ്മെ ലോകത്ത് ഉന്നതാരാക്കിത്തീര്‍ക്കുന്നു. എന്നാല്‍ ദൈവത്തെക്കുറിച്ചുള്ള അറിവും ജ്ഞാനവും എല്ലാവരും കരസ്ഥമാക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്.
മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ സമൂഹത്തില്‍ ഉന്നതരാക്കുവാന്‍ അവര്‍ക്കുവേണ്ടി ധാരാളം പണം ചിലവാക്കുന്നു. നാട്ടിലും വിദേശത്തും ഉന്നത ജോലി ലഭിക്കുവാനായി നിര്‍ബന്ധിക്കുന്നു.

അതു നല്ല കാര്യം. പക്ഷേ നിങ്ങളുടെ കുട്ടികള്‍ ദൈവഭക്തിയിലും ദൈവകൃപയിലുമാണോ വളരുന്നതെന്നു ശ്രദ്ധിക്കുന്നുണ്ടോ? അവരെ നിങ്ങളുടെ കുടുംബ പ്രാര്‍ത്ഥനകളില്‍ പങ്കാളികളാക്കുന്നുണ്ടോ? സണ്ടേസ്കൂളുകളിലും, സഭാ ആരാധനകളിലും കുടുംബ യോഗങ്ങളിലും അവരെ കൃത്യമായി പങ്കെടുപ്പിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നെങ്കില്‍ നിങ്ങളുടെ മക്കള്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവരായിത്തീരും എന്നു തീര്‍ച്ച. മറിച്ചാണെങ്കില്‍ അവര്‍ നശിച്ചുകൊണ്ടിരിക്കുന്നവരുടെ വലയില്‍ അകപ്പെടുവാന്‍ സാദ്ധ്യതയുണ്ട്.

 

മാതാപിതാക്കള്‍ നല്ല ദൈവഭയമുള്ളവരും സുവിശേഷ പ്രവര്‍ത്തകരും പാസ്റ്റര്‍മാരുമൊക്കെയാണെന്നു കരുതി മക്കളെ ശ്രദ്ധിക്കാതെ, അവരെ ശിക്ഷണത്തില്‍ വളര്‍ത്താതെ മുന്നോട്ടു വിട്ടാല്‍ അവര്‍ ശരിയായി ജീവിതം നയിച്ചുവെന്നു വരികയില്ല. സ്കൂളുകളിലും കോളേജുകളിലും മറ്റ് ഉപരി പഠനങ്ങളിലുമായിരിക്കുന്ന തലമുറകളെ ഓര്‍ത്തു പ്രത്യേകം പ്രാര്‍ത്ഥിക്കുകയും അവരെക്കുറിച്ച്, അവരുടെ നിലവാരത്തെക്കുറിച്ച് അവരുടെ വിദ്യാഭ്യാസസ്ഥാപനത്തിലെ അദ്ധ്യാപകരോട് ചോദിച്ചു മനസിലാക്കുന്നതും നല്ലതാണ്.

 

ഇന്ന് സ്കൂളുകളിലും, കോളേജുകളിലും, ഉപരിപഠന കേന്ദ്രങ്ങളിലും ലഹരി പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി മാദ്ധ്യമങ്ങളിലൂടെ നാം അറിയുന്നതാണല്ലോ. വെറുതെ രസത്തിനു, കൂട്ടുകാരുടെ മദ്ധ്യത്തില്‍ ഗമ കാണിക്കാനായി ഇവയൊക്കെ രുചിച്ചു നോക്കിയാല്‍ പിന്നെ പെട്ടന്ന് രക്ഷപെടാന്‍ ബുദ്ധിമുട്ടാണെന്ന കാര്യം ഓര്‍ക്കുക. എല്ലാ വിദ്യാര്‍ത്ഥി, വിദ്യാര്‍ഥിനികള്‍ക്കും പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കര്‍ത്താവിന്റെ നാമത്തില്‍ ആശംസകള്‍ നേരുന്നു.
ഷാജി.എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.