ദൈവം ആരാധനാലയത്തേക്കാള്‍ വലിയവന്‍

Editorials

ദൈവം ആരാധനാലയത്തേക്കാള്‍ വലിയവന്‍
ആത്മാവിലും സത്യത്തിലുമുള്ള ആരാധന ലോകത്ത് ശക്തി ആര്‍ജ്ജിച്ചു വരികയാണ്. ഇന്ന് ലോകത്ത് എല്ലാ വിധ രാജ്യങ്ങളിലും കര്‍ത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവര്‍ ഉണ്ടെന്നുള്ളതാണ് വസ്തുത.

 

അപ്പോസ്തോല പ്രവൃത്തി 2-ാം അദ്ധ്യായത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വിവക്ഷിച്ചിരിക്കുന്ന ദൈവസഭയുടെ 7 അടിസ്ഥാന ഉപദേശ തത്വങ്ങള്‍ അംഗീകരിച്ച് പാലിച്ചു വരുന്നവരാണ് യഥാര്‍ത്ഥമായി ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവജനങ്ങള്‍. അപ്രകാരം ദൈവമക്കളായി ജീവിക്കുന്ന നമ്മെ പെന്തക്കോസ്തുകാരെന്നാണ് അറിയപ്പെടുന്നത്.

 

പെന്തക്കോസ്തു അനുഭവം ഇല്ലാത്തവര്‍ ധാരാളമുണ്ട്. അവരും ക്രൈസ്തവരെന്ന് അവകാശപ്പെടുന്നു. 7 അടിസ്ഥാന ഉപദേശങ്ങളില്‍ പല പ്രധാനപ്പെട്ട ഉപദേശങ്ങളും അവര്‍ മനപൂര്‍വ്വമോ അല്ലാതെയോ മറച്ചുവെയ്ക്കുന്നു. വിശുദ്ധിയും വേര്‍പാടും ഇല്ലാതെ പഴയ നിയമ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് തങ്ങളാണ് യഥാര്‍ത്ഥ ക്രൈസ്തവരെന്നും, നൂറ്റാണ്ടുകളുടെ പാരമ്പര്യം തങ്ങള്‍ക്കുണ്ടെന്നും അവകാശപ്പെടുന്നു.

 

എന്നാല്‍ ദൈവവചനം പരിശോധിച്ചാല്‍ ഇത്തരം നാമധേയ ക്രൈസ്തവര്‍ ചെയ്യുന്ന ആരാധനാ രീതി ദൈവം പുതിയനിയമ കാലഘട്ടത്തില്‍ അംഗീകരിക്കുന്നില്ല എന്നു കാണാം. സമൂഹത്തില്‍ മുമ്പെങ്ങോ ആരൊക്കെയോ അനുഷ്ഠിച്ചു പോന്ന ആചാരങ്ങള്‍ ഇവര്‍ പിന്തുടരുന്നു എന്നു മാത്രം. ക്രൈസ്തവ ആരാധന ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയാണെന്നുള്ള ബോധ്യം ഇവര്‍ക്ക് ഇല്ലാതെ പോകുന്നു. വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള നാമധേയ ക്രൈസ്തവ സമൂഹങ്ങളുണ്ട്. അവര്‍ ജാതികളുടെ വിഗ്രഹാരാധനാ രീതി അനുകരിക്കുന്നവരും പഴയനിയമ വ്യവസ്ഥകള്‍ മാത്രം അംഗീകരിക്കുന്നവരുമാണ്. പുറത്തുനിന്നു നോക്കുന്ന ഒരു അവിശ്വാസിക്ക് ഇവ വിഗ്രഹാരാധനയായേ തോന്നുകയുള്ളു.
കോടിക്കണക്കിനു രൂപാ വിലയുള്ള പൊന്‍ കുരിശും, പൊന്നും വെള്ളിയും മറ്റ് വിലയേറിയ വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ചതുമായ പള്ളികളിലെ ഉപകരണങ്ങളും മോടികളോടെ പണികഴിപ്പിച്ച പള്ളികളും ഒക്കെ ആഡംബരത്തിന്റെ സൌധങ്ങളായി വിലസുന്നു. ഇവിടെ ദൈവവും ദൈവത്തിന്റെ പരിശുദ്ധാത്മാവും വസിക്കുകയില്ലെന്നു തിരുവചനം തന്നെ വ്യക്തമാക്കുന്നു. ആരാധനാ സ്ഥലമല്ല, ആരാധിക്കുന്നവരാണ് വിശുദ്ധന്മാര്‍. അവര്‍ മാനസാന്തരപ്പെട്ട് 7 അടിസ്ഥാന ഉപദേശ സത്യങ്ങളില്‍ വിശ്വസിക്കുന്നവരാകണം. അല്ലായെങ്കില്‍ ഈ ജീവിത രീതികൊണ്ട് അര്‍ത്ഥമില്ല.

 

പല വിദേശ രാജ്യങ്ങളിലും തീവ്രവാദികള്‍ ഇത്തരം മോടിയുള്ള ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കുകയോ കൊള്ളയടിച്ച് അഗ്നിക്കിരയാക്കുകയോ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കര്‍ത്താവിനെ ആരാധിക്കേണ്ടവര്‍ ആരാധിക്കുവാനുള്ള ഒരു സ്ഥലം എന്ന നിലയിലാണ് ആരാധനാ ഹാളുകള്‍ പണികഴിപ്പിക്കുന്നത്. അതിന് ആരാധിക്കപ്പെടേണ്ട ദൈവത്തേക്കാള്‍ വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. ആരാധനാ സ്ഥലം പണിയുകയെന്നത് ഭൂമിയില്‍ പുതിയ നിയമ വിശ്വാസികള്‍ക്ക് അത്ര നിര്‍ബന്ധവുമല്ല.

 

രണ്ടോ മൂന്നോ പേര്‍ കര്‍ത്താവിന്റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെ ദൈവസാന്നിദ്ധ്യമുണ്ട്. വീടുകളിലോ, വാടകക്കെട്ടിടങ്ങളിലോ സൌകര്യാര്‍ത്ഥം കര്‍ത്താവിനെ ആരാധിക്കാം. കര്‍ത്താവിന്റെ രണ്ടാം മടങ്ങിവരവ് എപ്പോഴാണെന്ന് ആര്‍ക്കും അറിയാന്‍ കഴിയാത്തതുകൊണ്ട് നാം എപ്പോഴും ഉണര്‍ന്നും ഒരുങ്ങിയും ഇരിക്കേണം എന്ന് ദൈവാത്മാവ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഇന്ന് ലോകത്ത് ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവര്‍ക്ക് വലിയ തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പിശാച് ദൈവമക്കളെ മുമ്പോട്ടു വിടുന്നതില്‍നിന്നും തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ശക്തമായ ആരാധനയ്ക്കു മുമ്പില്‍ പിശാച് ഓടിപ്പോകും. അവന്റെ ആയുധം ഫലിക്കുകയില്ല. ദൈവമക്കള്‍ക്ക് കഷ്ടം ഉണ്ട്, പീഢനം ഉണ്ട്. എല്ലാം സഹിച്ച് സഹിഷ്ണതയോടെ നമുക്ക് നിലനില്‍ക്കാം.
ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.