തിന്മ നിറഞ്ഞ ലോകം
ലോകത്തിലേക്ക് നോക്കുമ്പോള്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മയാണ് കാണാന്‍ കഴിയുക.
ബൈബിള്‍ പറയുന്നത് നന്മയാല്‍ തിന്മയെ ജയിക്കുക എന്നാണ്. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കപ്പെടുവാന്‍ സാധിക്കാതെ നിരാശകളാല്‍ വേദനിക്കപ്പെട്ട് വിഷാദം എന്ന രോഗത്തിന് അടിമകളാകുന്നു. ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ ആണ് മനുഷ്യര്‍ നിരാശയില്‍ അകപ്പെടുന്നത്.
നിരാശ വിഷാദം എന്ന രോഗത്തിന് മനുഷ്യനെ അടിമപ്പെടുത്തുന്നു. ദൈവം ഉള്ളിടത്ത് വിശ്വാസം ഉള്ളവനില്‍ നിരാശ കടന്നു വരികില്ല.
ഇരുട്ടില്‍ പ്രകാശത്തെ തെളിവായി കാണുവാന്‍ സാധിക്കുന്നു. പ്രകാശം ഉള്ളയിടത്ത് ഇരുട്ടിനു വസിക്കുവാന്‍ കഴിയുകയില്ല. അബ്രഹാം തന്റെ ആഗ്രഹങ്ങളെ ഉള്ളിലടക്കി കൂടാര വാതില്‍ക്കല്‍ ഇരുന്നുകൊണ്ട് മുമ്പിലുള്ള ഇരുട്ടിലേക്കാണ് നോക്കിക്കൊണ്ടിരുന്നത്. എന്നാല്‍ കാണേണ്ടവന്‍ അവനെ കണ്ടു.
അഗ്നിജ്വാലയ്ക്കൊത്ത കണ്ണുള്ള അബ്രഹാം സേവിക്കുന്ന ദൈവം അവനോട് ഉയരത്തിലേക്ക് അവന്റെ കണ്ണുകളെ ഉയര്‍ത്തുവാന്‍ കല്‍പ്പിക്കുകയും പ്രകാശം ചൊരിയുന്ന നക്ഷത്രങ്ങളെ കാണിച്ചുകൊടുക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
ഇരുട്ട് മൂടിയിരിക്കുന്ന വിഷയങ്ങളെ ദൈവം പകല്‍ പോലെ പ്രകാശിപ്പിക്കുവാന്‍ ശക്തന്‍ തന്നെ. ഉയരത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ നിരാശയുടെ അനുഭവങ്ങള്‍ മാറി പോകും.
ചിലപ്പോള്‍ ദൈവമനുഷ്യര്‍ പോലും (ഏലിയാവിനെപ്പോലെ) തങ്ങള്‍ക്കു ചുറ്റും കാണുന്ന കാര്യങ്ങളില്‍ വിഷാദം അനുഭവിക്കുന്നു. തിന്മയ്ക്കെതിരായ ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കാണെന്നു കാണുന്നു. ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.
എന്നാല്‍ ഏലിയാവിന്റെ കാര്യത്തിലെന്നപോലെ അവനു തോന്നിയതുപോലെ അവന്‍ തനിച്ചായിരുന്നില്ല. കാരണം കുമ്പിടാതിരിക്കാനും തിന്മയെ ചെറുക്കാനുമുള്ള ധൈര്യമുള്ള ഒരു ശേഷിപ്പ് കര്‍ത്താവിന് എപ്പോഴും ഉണ്ട്. അതുകൊണ്ട് ദൈവം ഏലിയാവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടു പറഞ്ഞു. എങ്കിലും ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്തവരും അവനെ ചുംബിക്കാത്ത വായ്കളുമുള്ള ഏഴായിരം പേരെ ഞാന്‍ യിസ്രായേലില്‍ സംരക്ഷിച്ചിരിക്കുന്നു.
ഈ ഉയര്‍ന്നു വരുന്ന തിന്മകളെ അന്തിക്രിസ്തുവിന്റെ ആത്മാവിന്റെ വ്യാപാരത്തെ ചെറുത്തു നില്‍ക്കുവാന്‍ ശേഷിക്കുന്ന ഒരേയൊരു ആത്മാവ് നമ്മള്‍ ആണെങ്കിലും, കര്‍ത്താവിന്റെ ദൂതന്‍ ഒരിക്കലും നമ്മുടെ ഭാഗത്തുനിന്ന് മാറില്ലെന്ന് ഓര്‍ക്കുക.
ഈ പോരാട്ടം നമ്മള്‍ ഒറ്റയ്ക്കല്ല എന്ന് ഓര്‍ക്കുക. ജീവതത്തില്‍ നാം ഒറ്റയ്ക്കല്ല, ദൈവം നമ്മോടു കൂടെ ഉണ്ട്.
എന്ന് പ്രാര്‍ത്ഥനയോടെ,
പാസ്റ്റര്‍ ഷാജി എസ്.

