അനീതിയില്ലാത്ത ലോകം
അക്രമങ്ങളും അഴിമതിയും അനീതിയും ഇന്ന് എല്ലാതരത്തിലും നാടിനെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഏതു മേഖലയില്‍ നോക്കിയാലും ചെറുതും വലുതുമായ അഴിമതികള്‍ അക്രമക്കേസുകള്‍ എന്നിവ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
ഉദ്യോഗസ്ഥരായ പലരിലും, ഭരണകര്‍ത്താക്കളായ ചിലരിലും സമൂഹത്തിലും ഇതു പ്രകടമാണ്. എല്ലാം ധനത്തിനോടുള്ള ആര്‍ത്തിമൂലമാണ് നടമാടുന്നത്. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നിയമം ലംഘിക്കുകയും ചെയ്യുന്ന ഇത്തരം ചെയ്തികള്‍ നമ്മുടെ രാഷ്ട്രത്തെ പിറകോട്ടുതന്നെയാണ് നയിക്കുന്നത്.
പുത്തന്‍ തലമുറ ഇത് പകര്‍ത്തിയെടുക്കുന്നു. സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇല്ലാതെപോകുന്നു.
നാടിനെ രക്ഷിക്കേണ്ടവരും നയിക്കേണ്ടവരും നിയമം ലംഘിക്കുമ്പോള്‍ സാധാരണക്കാരുടെ കാര്യം പിന്നെ പറയണമോ? അഴിമതിയ്ക്കും അനീതിയ്ക്കും രാഷ്ട്രീയമോ, മതപരമോ ആയ വ്യത്യാസമില്ല. എല്ലാവര്‍ക്കും അഴിമതിയുടെ കാര്യത്തില്‍ യോജിപ്പാണ്.
അഴിമതിയുടെ പേരില്‍ ചിലതൊക്കെ പിടിക്കപ്പെടുന്നു. ഇതൊക്കെ നീതിപീഠം ചിലപ്പോഴെങ്കിലും സത്യം പുറത്തുകൊണ്ടുവരുമെന്നതിന്റെ തെളിവാണ്. ഇതൊക്കെ സമൂഹം നല്‍കുന്ന നിയമങ്ങള്‍ . എന്നാല്‍ അതിനേക്കാളുപരി ദൈവത്തിന്റെ നീതിയാണ് ഏറ്റവും വലുത്.
ഈ ദേശത്തിനുവേണ്ടി ന്യൂനപക്ഷങ്ങളായ ദൈവ മക്കള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദൈവം ചിലപ്പോഴൊക്കെ ഇടപെടുന്നു. ബൈബിള്‍ പറയുന്നു “ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും, സകല കാര്യത്തിനും സകല പ്രവര്‍ത്തിക്കും ഒരു കാലം ഉണ്ടല്ലോ” (സഭാപ്രസംഗി 3:17). ദൈവം തന്റെ മക്കളുടെ പ്രാര്‍ത്ഥനയ്ക്കു മറുപടി നല്‍കുന്നുണ്ടെന്നുള്ളതിന്റെ തെളിവാണ് ചില ആനുകാലിക സംഭവങ്ങളുടെ ഫലം വെളിവാകുന്നത്.
ശൌല്‍ രാജാവ് യിസ്രായേലില്‍ ദുഷ്ടത പ്രവര്‍ത്തിച്ചപ്പോള്‍ ദൈവം അവന്നു തക്ക ശിക്ഷ നല്‍കിയതായി നാം ചരിത്രത്തിലൂടെ മനസ്സിലാക്കുന്നു. അതുപോലെ എത്രയോ രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഭരണം നഷ്ടമായെന്ന് ബൈബിളില്‍ വ്യക്തമായി കാണുന്നു. ഈ ലോകം ശാശ്വതമല്ല.
സമ്പൂര്‍ണ്ണ നീതി ആര്‍ക്കും നല്‍കുന്നില്ല. എങ്കിലും ദൈവം അവസരത്തിനൊത്ത് ഉയരുന്നുണ്ട് എന്നതിനു തെളിവാണ് ഈ രാജാക്കന്മാരുടെ പതനത്തിലൂടെ വ്യക്തമാകുന്നത്. അതേ നീതിയാണ് ഇന്നു നമ്മുടെ നാട്ടിലും ദൈവം നിവര്‍ത്തിക്കുന്നത്. അത് ക്രിസ്ത്യാനിയായാലും അക്രൈസ്തവനായാലും ദൈവമക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് വിലയുണ്ടെന്ന് നമുക്ക് മനസിലാകുവാന്‍ കഴിയുന്നു. എത്രയോ പേര്‍ ജയിലുകളില്‍ കഴിയുന്നു. എത്രയോ പേര്‍ പരാജിതരാകുന്നു.
നീതിയുടെ രാജാവ് യേശുക്രിസ്തുവിന്റെ ഭരണം – അതാണ് യഥാര്‍ത്ഥ ഭരണം. അതിനായുള്ള ഒരുക്കങ്ങള്‍ വരികയാണ്. അതിനുമുന്നോടിയായുള്ള കര്‍ത്താവിന്റെ വരവു ഏറ്റവും അടുത്തിരിക്കുന്നു. സ്വര്‍ഗ്ഗീയ വാസം അതു മാത്രമാണ് നീതിയിലധിഷ്ഠിതം. ഈ നാട്ടില്‍ നടക്കുന്നത് താല്‍ക്കാലികം മാത്രമാണെന്ന് ഓര്‍ത്തുകൊള്‍ക.
പാസ്റ്റര്‍ ഷാജി. എസ്.

