സ്നേഹത്തില്‍ വസിക്കുക

സ്നേഹത്തില്‍ വസിക്കുക

Articles Breaking News Editorials

സ്നേഹത്തില്‍ വസിക്കുക

ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തില്‍ ‍, ഭരണ കേന്ദ്രങ്ങളില്‍ എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്.

പീഢനങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഇവയൊക്കെ ഇന്നു പുതുമയല്ല. അച്ഛനും, അമ്മയും ഇന്നു മക്കളെ കൊല്ലുന്നു. അവരെ അധാര്‍മ്മികതയ്ക്കു പ്രേരിപ്പിക്കുന്നു. ചില ഭാര്യാ ഭര്‍തൃബന്ധവും ഈ നിലയില്‍ത്തന്നെയാണ്.

ഇതിന്റെയെല്ലാം പിമ്പില്‍ സ്നേഹമില്ലായ്മയാണ് കാരണം. ദൈവം ഹൃദയത്തില്‍ വസിക്കാത്തതുകൊണ്ടാണ് അധര്‍മ്മം ചെയ്യുവാന്‍ പ്രേരണ ഉണ്ടാകുന്നത്. ദൈവവചനം പറയുന്നു “സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു” (1 യോഹ. 4:17).

യഹോവയായ ദൈവത്തെ അറിയാതെ ജീവിക്കുന്നവര്‍ക്ക് ഒരു പക്ഷേ സ്നേഹത്തില്‍ ജീവിക്കുവാന്‍ സാധിച്ചുയെന്നു വരില്ല. പല കുറ്റകൃത്യങ്ങളുടെ പിന്നിലെയും മുഖ്യ കാരണം സ്നേഹമില്ലായ്മയാണ്.

പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യുവാന്‍ മടികാണിക്കാത്ത ഒരു കൂട്ടരാണിന്ന് ഉള്ളത്. സമൂഹത്തെ ഇക്കൂട്ടര്‍ മലീമസമാക്കുന്നു. അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റി അഴിമതിയും, കൊള്ളയും നടത്തുന്നതും ദൈവഭയമില്ലായ്മ മൂലമാണ്. ആത്മീയത മറയാക്കി ചിലര്‍ കൊള്ള നടത്തുന്ന പ്രവണതയും ഇന്ന് തകൃതിയായി നടക്കുന്നു. ഇതൊക്കെ ദൈവം വെറുക്കുന്ന കാര്യങ്ങളാണ്.

ദൈവസ്നേഹം ഭവനങ്ങളില്‍നിന്നുതന്നെ തുടങ്ങണം. മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യണം. അവരുടെ ഭാവിക്കായി കരുതണം. ദൈവം തന്ന ദാനമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ ‍. അയലത്തെ പല കുട്ടികളും ഒരു പക്ഷേ ഈ അനുഭവം പ്രാപിക്കാത്തവരായിരിക്കും.

അവര്‍ക്കു നമ്മുടെ ജീവിതം ഒരു മാതൃകയാകട്ടെ. സമൂഹത്തില്‍ നടക്കുന്ന അധര്‍മ്മങ്ങള്‍ സ്നേഹത്തിന്റെ അഭാവംമൂലമാണ് ഉണ്ടാകുന്നത്. ദൈവത്തെ യഥാര്‍ത്ഥമായി കണ്ടെത്താത്തവരില്‍ ഇങ്ങനെയൊക്കെ അനുഭവങ്ങള്‍ ഉണ്ടാകും. അവര്‍ക്ക് അത് പാപമായിത്തൊന്നുകയില്ലായിരിക്കാം. പക്ഷേ പിന്നീട് അത് കെണിയായിത്തീരും.

അധര്‍മ്മം ചെയ്യുന്നവര്‍ക്ക് തക്ക ശിക്ഷ ലഭിക്കും. ദൈവം എല്ലാം കാണുന്നുണ്ട്. നമ്മുടെ ഹൃദയവിചാരങ്ങള്‍ നന്നായി അറിയുന്ന ദൈവം നമ്മുടെ നന്മ പ്രവര്‍ത്തികള്‍ കണ്ടു സന്തോഷിക്കാനാണ് കൂടുതലായി ആഗ്രഹിക്കുന്നത്.

യേശുക്രിസ്തുവിലൂടെ കരസ്ഥമാക്കിയ നിത്യരക്ഷ എന്ന ദിവ്യ അനുഭവം നമ്മുടെ ജീവിതത്തില്‍ നിലനില്‍ക്കണം. നിത്യജീവന്‍ പ്രാപിക്കുവാനുള്ള ഒരുക്കത്തിലായിരിക്കണം നാം. ഈ ഭൂമി പാപപങ്കിലമാണ്.

നമ്മുടെ ചുറ്റിനും ജീവിക്കുന്നവര്‍ ഒരു പക്ഷേ നമ്മേപ്പോലെ ജീവിക്കുവാന്‍ ഭാഗ്യം ലഭിച്ചവരല്ലായിരിക്കാം. എങ്കിലും സമൂഹത്തിലെ അധാര്‍മ്മികത നമ്മെ തകര്‍ക്കുവാന്‍ ഇടയാകരുത്. നാം ഇതില്‍നിന്നൊക്കെ വേര്‍പെട്ടവരായിരിക്കണം.
പാസ്റ്റര്‍ ഷാജി. എസ്.