വരനെ മണത്തുനോക്കും; ഗുജറാത്ത് സമൂഹത്തിലെ വിവാഹ നിയമം

വരനെ മണത്തുനോക്കും; ഗുജറാത്ത് സമൂഹത്തിലെ വിവാഹ നിയമം

Breaking News India

മദ്യപാനം: വരനെ മണത്തുനോക്കും; ഗുജറാത്ത് സമൂഹത്തിലെ വിവാഹ നിയമം
ഗാന്ധിനഗര്‍ ‍: മദ്യപാനത്തിന്റെ വിപത്തുകള്‍ ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

കുടുംബ ജീവിതത്തിലേക്കു കടക്കും മുമ്പ് വരന്‍ മദ്യപാനിയാണോ എന്നു രഹസ്യമായി ചോദിച്ചറിയുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ഇതിനായി കര്‍ക്കശമായ ഒരു നിയമം തന്നെ നടപ്പാക്കിവരുന്നുണ്ട്. ഗ്രാമവാസികള്‍ ഒന്നടങ്കം ഇതിനെ അനുകൂലിക്കുന്നുമുണ്ട്.

ഗാന്ധിനഗര്‍ ജില്ലയിലെ പിയാജ് എന്ന ഗ്രാമത്തിലാണ് മദ്യപാനിയെ തിരിച്ചറിയുവാനായി പരീക്ഷിക്കുന്നത്. വിവാഹത്തിനു കണ്ടെത്തിയ വരന്‍ മദ്യപാനിയാണോയെന്നു കണ്ടെത്താനായി വധുവിന്റെ അച്ഛന്‍ ‍, സഹോദരന്‍ ‍, അമ്മാവന്‍ തുടങ്ങി ഇരുപത്തഞ്ചോളം വരുന്ന കുടുംബാംഗങ്ങള്‍ക്ക് വരന്‍ മദ്യപിക്കില്ലെന്ന് ഉറപ്പാക്കാനായി വരനെ മണത്തുനോക്കും. ‘നെഗറ്റീവ്’ ആയ റിസള്‍ട്ടു കിട്ടിയാല്‍ വരന്‍ മദ്യപാനിയല്ലെന്നു ഉറപ്പിക്കും.

തുടര്‍ന്നു വിവാഹ നിശ്ചയം നടത്തും. ഇതുകൊണ്ടും തീര്‍ന്നില്ല, വിവാഹ ദിവസവും പരീക്ഷണങ്ങള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നും വരന്‍ നേരിടേണ്ടി വരും. ഇതില്‍ വിജയിച്ചുവെങ്കില്‍ മാത്രമേ വിവാഹം നടക്കുകയുള്ളു.

വധുവിന്റെ വീട്ടുകാരെ കബളിപ്പിച്ച് വിവാഹം നടന്നാലും, വിവാഹശേഷം മദ്യപിച്ചതിന് വരന്‍ പിടിക്കപ്പെട്ടാല്‍ പെണ്‍വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണം. വിവാഹം നിശ്ചയിച്ചശേഷം വരനും മാതാപിതാക്കളും മദ്യപിക്കുന്നുണ്ടോ, മദ്യശാലകള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്നും വീട്ടുകാര്‍ അന്വേഷിക്കും.

പിയാജ് ഗ്രാമത്തിലും തൊട്ടടുത്ത പ്രദേശങ്ങളിലും ഈ നിയമം തുടങ്ങിയിട്ട് അഞ്ചു വര്‍ഷമേ ആയിട്ടുള്ളു. 20 വയസ്സില്‍ താഴെയുള്ള പതിനഞ്ചോളം യുവാക്കള്‍ മദ്യത്തിന്റെ അമിത ഉപയോഗം മൂലം മരണപ്പെട്ടതാണ് ഇത്തരത്തില്‍ കടുത്ത ഒരു നിയമം കൊണ്ടുവരാന്‍ ഗ്രാമീണരെ പ്രേരിപ്പിച്ചത്. അടുത്തയിടെ ഗ്രാമത്തില്‍ 12-13 വസയ്യുള്ള കുട്ടികളും മദ്യപാനത്തില്‍ മരണപ്പെട്ടിരുന്നു.