മരണയോഗ്യമായതൊന്നും പ്രവര്‍ത്തിക്കാത്തവന്‍

Breaking News Editorials

മരണയോഗ്യമായതൊന്നും പ്രവര്‍ത്തിക്കാത്തവന്‍
“ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല. ഹെരോദാവും കണ്ടില്ല. അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചല്ലോ, ഇവന്‍ മരണയോഗ്യമായതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം”. (ലൂക്കോ. 23:14,15). യേശുവിനെ വിസ്തരിക്കാനായി ഹെരോദാവ് പീലാത്തോസിന്റെ മുമ്പാകെ അയച്ചപ്പോള്‍ മഹാപുരോഹിതന്മാരേയും, പ്രമാണിമാരേയും ജനത്തേയും സാക്ഷി നിര്‍ത്തി പീലാത്തോസ് വിളിച്ചു പറഞ്ഞ വാക്കുകളാണ് മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍ ‍.

 

ഒരു ഭരണാധികാരിക്ക് തന്റെ മുമ്പാകെ കൊണ്ടുവന്ന ഏതൊരു വ്യക്തിയേയും വിചാരണ നടത്തുവാനും ശിക്ഷിക്കുവാനും അധികാരം ഉണ്ടെന്നിരിക്കെയാണ് പീലാത്തോസ് നിര്‍ണ്ണായകമായ തന്റെ സത്യസന്ധമായ അഭിപ്രായം ഒരു പ്രഖ്യാപനമായി നടത്തിയത്. എന്നിട്ടും മഹാപുരോഹിതനും പ്രമാണിമാരും ജനവും അടങ്ങിയിരുന്നില്ല.

 

യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്ത യേശുവിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. മരണശിക്ഷയല്ലാതെ ഒന്നിനും അവര്‍ക്ക് തൃപ്തിവന്നില്ല. യേശുവിനെ പീലാത്തോസ് മരണശിക്ഷയ്ക്കു വിധിക്കുന്നതിനു മുമ്പായി മഹാപുരോഹിതന്റെ നേതൃത്വത്തില്‍ യേശുവിനെ ഉപദ്രവിക്കാവുന്ന രീതിയില്‍ ഉപദ്രവിച്ചു.

 

അവനെ പരിഹസിച്ചു. കണ്ണുകെട്ടിതല്ലി, അപമാനിച്ചു. ഇതെല്ലാം നിരപരാധിയായ യേശു സഹിച്ചു. എന്തിനുവേണ്ടി? പാപികളായ സകല മനുഷ്യരുടെയും പരിഹാരത്തിനായി യേശു നമുക്കുവേണ്ടി ഇതെല്ലാം അനുഭവിക്കണമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവങ്ങളല്ല ഇതൊക്കെ. നൂറ്റാണ്ടുകള്‍ക്കു മുമ്പേ പ്രവാചകന്മാരില്‍ക്കൂടി ദൈവം ലോകത്തോടു വെളിപ്പെടുത്തിയ സത്യമാണ് മഹാപുരോഹിതന്റേയും, ഹെരോദാവിന്റെയും, പീലാത്തോസിന്റെയും മുമ്പില്‍ യേശു അനുഭവിച്ച കഷ്ടതകള്‍ ‍.

 

ദൈവത്തിന്റെ ഹിതമായിരുന്നു യേശു സ്വയം മരക്കുരിശു ചുമന്നു അപമാനിതനായി കാല്‍വറിയിലേക്കു യാത്ര തിരിച്ചത്. സകല മനുഷ്യരുടെയും പാപത്തിനുള്ള ഏക ഉത്തരമായിരുന്നു മരക്കുരിശില്‍ യേശു തറയ്ക്കപ്പെട്ടത്. യേശുവിന്റെ രക്തം ഒഴുകിയത് നമ്മുടെ എല്ലാവരുടെയും അകൃത്യങ്ങള്‍ക്കു മോചനം ലഭിക്കുവാന്‍ വേണ്ടിയായിരുന്നു. യേശുവിനെ രക്ഷിക്കുവാന്‍ ആര്‍ക്കും സാധ്യമല്ലായിരുന്നു. കാരണം ഇതെല്ലാം ലോകത്ത് സംഭവിക്കേണ്ട യാഥാര്‍ത്ഥ്യമായതുകൊണ്ടാണ്. പിതാവായ ദൈവത്തിന്റെ ഏറ്റവും വലിയ ഇഷ്ടം പുത്രനായ യേശു നമുക്കുവേണ്ടി മരക്കുരിശില്‍ നിവൃത്തിയാക്കിത്തീര്‍ത്തു. നമ്മള്‍ മരിക്കേണ്ട സ്ഥാനത്ത് യേശു നമുക്കുവേണ്ടി മരിച്ചു.

 

യേശുവിനെ എത്ര അപമാനിച്ചാലും, ഉപദ്രവിച്ചാലും മനുഷ്യരായ നമുക്ക് തടയുവാന്‍ കഴിയുകയില്ല. കാരണം ദൈവത്തിന്റെ ഹിതം നിറവേറുവാന്‍ ഇതൊക്കെ സംഭവിക്കണം. ഇപ്രകാരം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ നാം എല്ലാവരും ആത്മീകമായി മരിച്ചു നിത്യ നരകത്തിലേക്കുള്ള വഴി കണ്ടെത്തുമായിരുന്നു. അതിനു ഇടയാക്കാത്തത് ദൈവത്തിന്റെ മഹാ കരുണ നിമിത്തമാണ്. കര്‍ത്താവിന്റെ ഇഷ്ടം അനുസരിച്ച് ഉപദേശ സത്യത്തില്‍ നിലനിന്ന് ആത്മാവിലും സത്യത്തിലും ആരാധിച്ച് പ്രത്യാശയോടെ ജീവിക്കുന്നവര്‍ക്ക് നിത്യരക്ഷയുണ്ട്.

 

സ്വര്‍ഗ്ഗീയ രാജ്യത്തില്‍ നാം എത്തപ്പെടുകതന്നെ ചെയ്യും. കര്‍ത്താവിനെ ഉപദ്രവിച്ചവരും അപമാനിച്ചവരും തക്ക ശിക്ഷ അനുഭവിച്ചു. അവര്‍ ഹൃദയം തകര്‍ന്നവരായിത്തീര്‍ന്നു എന്നു ചരിത്രം പറയുന്നു. യഹൂദജനം പിന്നീട് 1900 വര്‍ഷത്തോളം വലിയ കഷ്ടത അനുഭവിക്കേണ്ടിവന്നു. യേശുവില്‍ വിശ്വസിച്ചവര്‍ രക്ഷ പ്രാപിച്ചു നമ്മുടെ ജീവിതത്തില്‍ വരുന്ന പ്രതികൂലങ്ങളേയും കഷ്ടതകളേയും ജയിക്കുവാന്‍ ദൈവമക്കളായ നമുക്കു ചെയ്യുവാന്‍ കഴിയുന്ന ഏക കാര്യം ദൈവത്തോടുള്ള ഏറ്റവും അഗാധമായ കൂട്ടായ്മയാണ്. പ്രാര്‍ത്ഥനയാണ്. അത് നമ്മെ രക്ഷിക്കുവാനിടയാക്കും.
ഷാജി. എസ്.

Leave a Reply

Your email address will not be published.