മതനിന്ദാ കേസില്‍ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ വിധിച്ചു
ലാഹോര്‍: മതനിന്ദ ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട കേസില്‍ ക്രിസ്ത്യന്‍ യുവാവിനു വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി.
പഞ്ചാബ് പ്രവിശ്യയിലെ സഹിവാല്‍ ജില്ലയിലെ ഇഹ്സാന്‍ മസി (27) എന്ന യുവാവിനാണ് സഹിവാല്‍ ജില്ലാ തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി സിയാവുള്ള ഖാന്‍ ശിക്ഷ വിധിച്ചത്. ഇസ്ളാം മതത്തെയും പ്രവാചകനെയും നിന്ദിച്ചു എന്ന കുറ്റം ചുമത്തിയ കേസിലാണ് പാക്കിസ്ഥാന്‍ പീനല്‍ കോഡ് 295 സെക്ഷന്‍ പ്രകാരം ശിക്ഷ വിധിച്ചത്.
ഇഹ്സാല്‍ മതനിന്ദ നടത്തി എന്ന പേരില്‍ ആരോപിക്കപ്പെട്ട കേസില്‍ 2023 ആഗസ്റ്റ് 19-നാണ് സഹിവാല്‍ പോലീസ് അറസ്റ്റു ചെയ്തത്. മതനിന്ദ ആരോപിക്കപ്പെട്ട ഒരു വീഡിയോ ആഗസ്റ്റ് 16-ന് ടിക് ടോക്കില്‍ പോസ്റ്റു ചെയ്തു എന്ന പേരിലായിരുന്നു അറസ്റ്റ്.
വിവാദമായ ടികടോക് വീഡിയോ വ്യാപകമായി പിന്നീട് പ്രചരിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോപാകുലരായ മുസ്ളീങ്ങള്‍ കലാപം നടത്തിയിരുന്നു.
എന്നാല്‍ ഇഹ്സാന്റെ അഭിഭാഷകനായ ഖുറാം ഷഹസാദ് കോടതിയില്‍ കുറ്റാരോപണം നിഷേധിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോയെ നിഷേധിച്ചു.
പോലീസ് ഇഹ്സാന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി പഞ്ചാബ് ഫോറന്‍സിക് സയന്‍സ് ഏജന്‍സിക്ക് അയച്ചു കൊടുക്കുകയും അതു പ്രകാരം നടത്തിയ പരിശോധനയില്‍ ഫോണിലോ ടിക്ടോക്കിലോ സംഭവത്തിനു ആധാരമായ തെളിവുകള്‍ കണ്ടെത്താനായില്ലെന്നു അഭിഭാഷകന്‍ വാദിച്ചു.
ഇസ്ളാമിനെ നിന്ദിച്ചു സോഷ്യല്‍ മീഡിയായിലൂടെ മതനിന്ദ നടത്തി എന്ന കുറ്റം കൂടി കണക്കിലെടുത്ത് ഇസ്ഹാന് 10 വര്‍ഷത്തെ തടവുശിക്ഷകൂടി വിധിച്ചിട്ടുണ്ട്.