ഈജിപ്ഷ്യന്‍ രാജ്ഞി ഖേന്തകാവീസിന്റെ ശവകുടീരം കണ്ടെത്തി

Breaking News Middle East

ഈജിപ്ഷ്യന്‍ രാജ്ഞി ഖേന്തകാവീസിന്റെ ശവകുടീരം കണ്ടെത്തി
കെയ്റോ: ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ഖേന്തകാവീസിന്റെ 4500 വര്‍ഷം പഴക്കമുള്ള ശവകുടീരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ കെയ്റോയിലെ അബുസര്‍ പ്രദേശത്താണ് ഫറവോ ആയിരുന്ന ഫൈറെഫ്റെയുടെ അമ്മയോ അല്ലെങ്കില്‍ ഭാര്യയോ ആയിരുന്നുവെന്ന് കരുതപ്പെടുന്ന രാജ്ഞിയുടെ കുടീരം കണ്ടെത്തിയത്.

 

ഖേന്തകാവീസ് എന്ന പേരാണ് കല്ലറയുടെ ചുവരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ രാജ്ഞി ഖേന്തകാവീസ് (മൂന്നാമത്തേത്) എന്നറിയപ്പെടുമെന്ന് ഈജിപ്റ്റിലെ പുരാവസ്തു വകുപ്പു മന്ത്രി മാം ദൌ എല്‍ ദമാതി അറിയിച്ചു. ഫൈറെഫ്റെ ഫറവോയുടെ ശവക്കല്ലറ ഉള്‍പ്പെടുന്ന സമുച്ചയത്തിലായിരുന്നു രാജ്ഞിയുടെയും കല്ലറ. ഇവര്‍ ചരിത്രത്തില്‍ ഏറെയൊന്നും അറിയപ്പെടാതിരുന്ന രാജ്ഞിയാണ്.

 

കല്ലറയുടെ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ ഫറവോയുടെ ഭാര്യ ആയിരിക്കാനാണ് സാദ്ധ്യതയെന്ന് ചരിത്ര ദൌത്യം നടത്തുന്ന ചെക്കോസ്ളോവാക്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി മിറോസ്ളാവ് ബാര്‍ത്ത അഭിപ്രായപ്പെട്ടു. കല്ലറയില്‍ ചുണ്ണാമ്പു കല്ലിലും ചെമ്പിലും നിര്‍മ്മിച്ച മുപ്പതോളം പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫറവോയുടെ നാലാം തലമുറ മുതലാണ് പിരമിഡുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്.

Leave a Reply

Your email address will not be published.