യേശുക്രിസ്തു കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ യഥാര്‍ത്ഥ സ്ഥലം കണ്ടെത്തി

Breaking News Middle East

യേശുക്രിസ്തു കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ യഥാര്‍ത്ഥ സ്ഥലം കണ്ടെത്തി
യെരുശലേം: യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലത്ത് ആദ്യം ചെയ്ത അത്ഭുത പ്രവര്‍ത്തിയായ കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ യഥാര്‍ത്ഥ സ്ഥലം കണ്ടെത്തിയതായി ഗവേഷകര്‍ ‍.

യോഹന്നാന്റെ സുവിശേഷത്തില്‍ രണ്ടാം അദ്ധ്യായം 1-11 വരെ വാക്യങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ദിവ്യ അത്ഭുതം നടന്ന ഇതുവരെ കേട്ടു കേള്‍വി മാത്രമുള്ള സ്ഥലമാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വടക്കന്‍ യിസ്രായേലിലുള്ള നഗരമായ കാര്‍ഫര്‍ കാനായിലെ വെഡ്ഡിംഗ് ചര്‍ച്ച് നിലകൊള്ളുന്ന സ്ഥലത്ത് വച്ചാണ് യേശു ഈ അത്ഭുത പ്രവര്‍ത്തി നിര്‍വ്വഹിച്ചതെന്നായിരുന്നു നൂറ്റാണ്ടുകളായി ക്രൈസ്തവര്‍ വിശ്വസിച്ചിരുന്നത്.

എന്നാല്‍ ഈ അത്ഭുത പ്രവര്‍ത്തി നടത്തിയ യഥാര്‍ത്ഥ സ്ഥലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. ഈ വെഡ്ഡിംഗ് ചര്‍ച്ചില്‍നിന്നും അഞ്ച് മൈല്‍ കൂടി വടക്ക് മാറിയുള്ള മലമ്പ്രദേശമാണ് ബൈബിള്‍ കാലഘട്ടത്തിലെ യഥാര്‍ത്ഥ കാനാവെന്നാണ് ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്.

ബിസി 323-നും എഡി 324-നും ഇടയില്‍ നിലനിന്നിരുന്ന യഹൂദ ഗ്രാമമായ ഖിര്‍സത്ത് കാനാവ് നിലനിന്ന പ്രദേശമാണിതെന്നും കണക്കാക്കുന്നു. യേശു അത്ഭുത പ്രവര്‍ത്തി നടത്തിയതിന് ഉപോല്‍ബലകമായി നിരവധി തെളിവുകളും ഗവേഷകര്‍ നിരത്തുന്നുണ്ട്.

ക്രിസ്ത്യാനികള്‍ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന നിരവധി തുരങ്കങ്ങളുടെ ശൃംഖലകള്‍ ഇവിടെനിന്നു ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ഇവിടെനിന്നും നിരവധി കുരിശുകളും ലോര്‍ഡ് ജീസസ് എന്നതിന്റെ ഗ്രീക്ക് പദമായ കൈറെ ലെസൌ എന്ന പരാമര്‍ശങ്ങളടങ്ങിയ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

ഇതിനു പുറമെ ഇവിടെ ഒരു അള്‍ത്താര നിലനിന്നതിന്റെ തിരുശേഷിപ്പുകളും ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നു കണ്ടെത്തിയ കല്ലുകൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍ക്കും ജാറുകള്‍ക്കും മേല്‍ വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ അത്ഭുത പ്രവര്‍ത്തി ചിത്രീകരിച്ചിട്ടുണ്ട്.

കാനാവിലെ അത്ഭുത പ്രവര്‍ത്തി നടത്തിയതായി വിശ്വസിക്കാവുന്ന മറ്റു മൂന്നു സൈറ്റുകളും ഇവിടെയുണ്ടെന്നാണ് ഖനനത്തിനു നേതൃത്വം നല്‍കുന്ന ഡോ. ടോം മക് കൊളൌഗ് അഭിപ്രായപ്പെടുന്നത്.

യേശു പങ്കെടുത്ത ഒരു കല്യാണ വീട്ടില്‍ വീഞ്ഞു തികയാതെ വന്നപ്പോള്‍ യേശുവിന്റെ അമ്മ വിവരം യേശുവിനെ അറിയിച്ചപ്പോള്‍ കൂടിവന്നവരോട് ആറു കല്‍പ്പാത്രങ്ങളില്‍ വെള്ളം നിറപ്പാന്‍ ആവശ്യപ്പെടുകയും അവര്‍ വക്കോളം നിറച്ചപ്പോള്‍ യേശു അത്ഭുതം പ്രവര്‍ത്തിച്ചതിനാല്‍ വെള്ളം വീഞ്ഞായി തീരുകയും ചെയ്ത സംഭവം യേശുവിന്റെ അത്ഭുതങ്ങളുടെ അടയാള പ്രവര്‍ത്തിയായി വിശ്വാസികള്‍ സ്മരിക്കുന്നു.