ആ ശവകുടീരം അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടേതല്ല

Breaking News Global Middle East

ആ ശവകുടീരം അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടേതല്ല
കെയ്റോ: ഈജിപ്റ്റിലെ ആളുകള്‍ ഇപ്പോള്‍ ആശ്വാസത്തിലാണ്. അവരുടെ അന്ധവിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും, കണ്ടെത്തിയ പുരാതന ശവകുടീരം മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയടേതല്ലെന്നും പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിച്ചു.

ഈജിപ്റ്റിലെ അലക്സാണ്ട്രിയ നഗരത്തില്‍ കാണപ്പെട്ട പുരാതന ശവകുടീരം ജൂലൈ 19-നാണ് പുരാവസ്തു ഗവേഷകര്‍ തുറന്നു പരിശോധിച്ചത്. കെട്ടിട നിര്‍മ്മാണത്തിനായി കുഴിയെടുത്ത തൊഴിലാളികളാണ് ജൂലൈ മാസം ആദ്യം അസാധാരണ വലിപ്പമുള്ള ശവകുടീരം കണ്ടെത്തിയത്.

ഇത് അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ശവകുടീരമാണെന്നും ഇത് തുറന്നാല്‍ വലിയ വിപത്തുണ്ടാകുമെന്നുമാണ് ഈജിപ്റ്റുകാര്‍ വിശ്വസിച്ചിരുന്നത്. ഗ്രാനൈറ്റ് മൂടിയുള്ള ശവകുടീരം തുറന്നത് ഈജിപ്റ്റ് പുരാവസ്തു വകുപ്പ് മേധാവി വസിരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു.

9 അടി നീളവും 5 അടി വീതിയും ആറടി ഉയരവുമുള്ള കല്ലുകൊണ്ടു നിര്‍മ്മിച്ച പേടകത്തിനുള്ളില്‍ 3 പേരുടെ തലയോട്ടികള്‍ കാണപ്പെട്ടതായി അദ്ദേഹം അറിയിച്ചു. പേടകത്തിന്റെ ഭാരം 30 മെട്രിക് ടണ്ണായിരുന്നു.

അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണത്തിനുശേഷം ഭരണം ആരംഭിച്ച ടോളമി രാജവംശകാലത്തെ സൈനികരുടെ മൃതദേഹങ്ങളാണ് ഇവയിലുള്ളതെന്ന് കരുതുന്നു. 200 വര്‍ഷം ദീര്‍ഘിച്ച ഈ രാജവംശത്തിന്റെ അന്ത്യം ബി.സി. 30-ല്‍ ക്ലിയോപാട്രായുടെ മരണത്തോടെയായിരുന്നു.

എന്നാല്‍ ബിസി 323-ല്‍ ബാബിലോണിലാണ് അലക്സാണ്ടര്‍ ചക്രവര്‍ത്തി അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല.