ഗള്‍ഫ് മലയാളികളില്‍ ഹൃദയാഘാതം മുലം മരിക്കുന്നവരുടെ എണ്ണം കൂടുന്നു

Articles Health Middle East

ഗള്‍ഫ് മലയാളികളില്‍ ഹൃദയാഘാതം മുലം മരിക്കുന്നവരുടെ എണ്ണം കൂടുന്നു
മനാമ: ഗള്‍ഫ് മലയാളികളില്‍ ഹൃദയാഘാതംമൂലം മരിക്കുന്നവരുടെ എണ്ണം ബഹറിനില്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ജൂലൈ മാസത്തില്‍ ഇതുവരെ പത്തോളം പേര്‍ മരിച്ചതായി വാര്‍ത്തകളുണ്ട്.

ഇത് ഗള്‍ഫ് മലയാളികളെയും ബന്ധുക്കളെയും ആശങ്കയിലാക്കുന്നു. സ്വന്തം ആരോഗ്യത്തിലുള്ള അമിത വിശ്വാസവും ചിക്ത്സയ്ക്കുള്ള അലംഭാവവും ഹൃദയാഘാത മരണങ്ങളിലേക്കു നയിക്കുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. കൊളസ്ട്രോളും, ഫാറ്റി ലിവറും, പ്രമേഹവും എല്ലാം പ്രവാസികളില്‍ പലരുടെയും ശാരീരികകത സ്ഥിതി വഷളാക്കിയിട്ടുണ്ട്.

എന്നാല്‍ ചികിത്സിക്കുവാനുള്ള വൈമനസ്യവും സാമ്പത്തിക പ്രശ്നങ്ങളും പലരെയും അപകടത്തിലാക്കുന്നു. ആശുപത്രിയില്‍ പോയി പരിശോധന നടത്തുവാനോ ചികിത്സിക്കുവാനോ തയ്യാറാകാത്ത മലയാളികളുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പോലും പറയുന്നു.

കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുക, ദഹനക്രമീകരണമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണവും, പാതിരാത്രിയില്‍ നിയന്ത്രണങ്ങളില്ലാതെ മാംസാഹാരം കഴിക്കുന്നതും ദഹനക്കേടുണ്ടാക്കുകയും ഹൃദയതാളം അവതാളത്തിലാക്കുകയും ചെയ്യുന്നു.

2018-ന്റെ ആരംഭം മുതല്‍ ഇതുവരെയായി അമ്പതോളം പേരാണ് മരണപ്പെട്ടത്. വ്യായാമം ഇല്ലായ്മയും ഹൃദയാരോഗ്യത്തിനു തടസ്സമുണ്ടാക്കുന്നു. അതുപോലെ തൊഴിലിലെ ടെന്‍ഷനും മറ്റും കടുത്ത രക്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു.

സാമ്പത്തിക അഭിവൃദ്ധിക്കായി നാട്ടില്‍നിന്നും വിമാനം കയറുന്നവര്‍ പ്രതീക്ഷിച്ച നിലവാരത്തിലോ ഉയര്‍ച്ചയിലോ എത്തപ്പെടാതെ വരുമ്പോള്‍ കടുത്ത മാനസിക പ്രതിസന്ധികളില്‍ അകപ്പെടുന്നു. ഇതുമൂലം പലവിധമായ രോഗങ്ങളും അലട്ടുന്നു. കൂടുതലും ചെറുപ്പക്കാരിലും, മദ്ധ്യവയസ്ക്കരിലുമാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.